പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  Source: https: espncricinfo.com
CRICKET

"നിലവാരം കുറഞ്ഞ ജേഴ്‌സി കാരണം കളിക്കാര്‍ വിയര്‍ത്തൊലിക്കുന്നു": വിവാദങ്ങളൊഴിയാതെ പാകിസ്ഥാന്‍ ക്രിക്കറ്റ്

"പ്രൊഫഷണലുകള്‍ക്കു പകരം സുഹൃത്തുക്കളിലേക്ക് ടെണ്ടര്‍ പോയാല്‍ ഇങ്ങനെ സംഭവിക്കും. വിയര്‍പ്പിനേക്കാള്‍ അഴിമതിയാണ് ഇറ്റുവീഴുന്നത്"

Author : ന്യൂസ് ഡെസ്ക്

ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിക്കും, ഹസ്തദാന വിവാദത്തിനും പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ അഴിമതി ആരോപണം. ടൂര്‍ണമെന്റില്‍ പാക് കളിക്കാര്‍ക്ക് നല്‍കിയ ജേഴ്‌സി ഗുണനിലവാരം ഇല്ലാത്തതായിരുന്നെന്നും, അത് പ്രകടനത്തെ ബാധിച്ചെന്നുമാണ് ആരോപണം. പാക് മുന്‍ താരം അതീഖ് ഉസ് സമാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ടെണ്ടര്‍ നടപടിയില്‍ അഴിമതി ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

"എല്ലാ ടീമുകളും കളിക്കാര്‍ക്ക് ഡ്രൈ-ഫിറ്റ് ജേഴ്‌സികള്‍ നല്‍കിയപ്പോള്‍, ഗുണനിലവാരം കുറഞ്ഞ ജേഴ്‌സികള്‍ ഉപയോഗിച്ച പാക് താരങ്ങള്‍ വിയര്‍ത്തൊലിക്കുകയായിരുന്നു. പ്രൊഫഷണലുകള്‍ക്കു പകരം സുഹൃത്തുക്കളിലേക്ക് ടെണ്ടര്‍ പോയാല്‍ ഇങ്ങനെ സംഭവിക്കും. വിയര്‍പ്പിനേക്കാള്‍ അഴിമതിയാണ് ഇറ്റുവീഴുന്നത്"- സമാന്‍ എക്സില്‍ കുറിച്ചു.

പിസിബി ചെയര്‍മാനെ ലക്ഷ്യമിട്ടുള്ളതല്ല പ്രതികരണം എന്നുകൂടി സമാന്‍ വ്യക്തമാക്കുന്നു. സ്വജനപക്ഷപാതവും, പക്ഷപാതിത്വവുമാണ് പറയാനുദ്ദേശിച്ചത്. കളിക്കാരുടെ കിറ്റ് ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ ഉദ്ദേശിച്ചാണ് പറയുന്നത്. കിറ്റും പ്രകടനത്തിന്റെ ഭാഗമാണ്. അക്കാര്യം അവഗണിക്കരുതെന്നും സമാന്‍ വ്യക്തമാക്കി. ടെണ്ടറിലെ അഴിമതിയാണ് ഗുണനിലവാരം കുറഞ്ഞ ജേഴ്‌സി കളിക്കാര്‍ക്ക് ലഭിക്കാന്‍ കാരണമായതെന്നാണ് മുന്‍ താരത്തിന്റെ വാദം.

അതേസമയം, ഹസ്തദാന വിവാദത്തിനും മത്സര ബഹിഷ്കരണ നീക്കങ്ങള്‍ക്കും പിന്നാലെ അവസാന മത്സരത്തില്‍ യുഎഇയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യയാണ് എതിരാളികള്‍.

ഇന്ത്യ-പാക് മത്സരമായിരുന്നു വിവാദവേദി. ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഘക്ക് കൈകൊടുത്തിരുന്നില്ല. അതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് സൽമാന് നിർദേശം നൽകിയിരുന്നു. തുടര്‍ന്ന്, ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പിസിബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം ഐസിസി തള്ളി. പിന്നാലെയായിരുന്നു ടൂര്‍ണമെന്റ് ബഹിഷ്കരിക്കാനുള്ള നീക്കം.

SCROLL FOR NEXT