ആദ്യം പിന്മാറൽ, പിന്നെ അനുനയം, ഒടുവിൽ ജയം; യുഎഇയെ തോൽപ്പിച്ച് പാകിസ്ഥാൻ സൂപ്പർ ഫോറിൽ
നാടകീയ സംഭവങ്ങൾക്കും, അനുനയ നീക്കങ്ങൾക്കുമൊടുവിൽ എഷ്യാ കപ്പിൽ പാകിസ്ഥാന്റെ വിജയം. യുഎഇയെ 41 റൺസിന് തോൽപ്പിച്ച് പാകിസ്താൻ ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയത്. എന്നാൽ പാക് ടീമിനുള്ള യുഎഇയുടെ മറുപടി 17. 4 ഓവറിൽ 105 റൺസിൽ തന്നെ അവസാനിക്കുകയായിരുന്നു.
പാകിസ്താന് വേണ്ടി ഫഖർ സമാൻ 36 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ഫോറുകളും അടക്കം 50 റൺസ് നേടി. രണ്ട് വിക്കറ്റ് വീതം എടുത്ത് ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവരാണ് യുഎഇയെ മടക്കിയത്. ഇതോടെ പാക് ടീം സൂപ്പർ ഫോറിലെത്തി.
ഇന്നലെ രാത്രി ഇന്ത്യൻ സമയം എട്ടുമണിക്ക് തുടങ്ങേണ്ട മത്സരം ഒമ്പത് മണി കഴിഞ്ഞാണ് തുടങ്ങിയത്. മാച്ച് റഫറിയെ മാറ്റില്ലെന്ന് ഐസിസി അറിയിച്ചതോടെയാണ് പാകിസ്താൻ പ്രതിഷേധം ഉയർത്തുകയായിരുന്നു. മത്സരത്തിന് സ്റ്റേഡിയത്തിലെത്താൻ കൂട്ടാക്കാതെ ടീം ഹോട്ടലിൽ തന്നെ തുടർന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാകിസ്ഥാന്‍-യുഎഇ മത്സരത്തിന് ടോസ് വീണത്.
പാകിസ്ഥാന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന്‍റെ സാന്നിധ്യത്തില്‍ നിര്‍ണായക ടോസ് നേടിയ യുഎഇ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. റഫറിയെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മത്സരത്തിനില്ലെന്ന നിലപാടിൽ പാകിസ്ഥാൻ എത്തിയത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിനോട് ഹോട്ടലിൽ തന്നെ തുടരാനും സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശം നിൽകിയിരുന്നു.
ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരത്തിനിടെ ഉണ്ടായ ഹസ്തദാന വിവാദത്തിൽ മാച്ച് റഫറി പൈക്രോഫ്റ്റിന് പ്രധാന പങ്കുണ്ടെന്ന് പിസിബി ആരോപിച്ചിരുന്നു. എന്നാൽ അടുത്ത മത്സരങ്ങളിൽ നിന്ന് ആൻഡി പൈക്രോഫ്റ്റിനെ മാച്ച് റഫറിമാരുടെ പാനലിൽ നിന്ന് നീക്കം ചെയ്യണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) പരാതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരസിച്ചു.
ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഘക്ക് കൈകൊടുത്തിരുന്നില്ല. ഇതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് സൽമാന് നിർദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പിസിബി ആവശ്യപ്പെട്ടത്.