സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ താരം ഉസ്മാൻ ഖ്വാജയുടെ 'സബർ' എന്ന ആത്മകഥ പുറത്തിറങ്ങിയതോടെയാണ് പന്ത് ചുരണ്ടൽ വിവാദം വീണ്ടും ചർച്ചയായത്. ടീമംഗങ്ങൾക്കെല്ലാം അറിവുണ്ടായിരുന്നുവെന്ന ഖ്വാജയുടെ വെളിപ്പെടുത്തലോടെ ഒരിക്കൽ ഓസീസ് ക്രിക്കറ്റിനെ തന്നെ പിടിച്ചുകുലുക്കിയ 'സാൻഡ് പേപ്പർ വിവാദം' പിന്നെയും ആളിക്കത്തുകയായിരുന്നു. തുടർന്ന് പാറ്റ് കമ്മിൻസ് പത്രസമ്മേളനം വിളിച്ചുകൂട്ടി ഖ്വാജയെ പൂർണമായും തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ വിവാദത്തിൽ വിലക്ക് ലഭിച്ചിരുന്ന ഡേവിഡ് വാർണറിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
വാർണറുടെ തന്നെ വാക്കുകളിൽ; ''ആരെയൊക്കെ കുറ്റക്കാരാക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തുടക്കത്തിലേ തീരുമാനിച്ചിരുന്നു. തുടർന്ന് അതിനനുയോജ്യമായ ഒരു അന്വേഷണം നടത്തുകയാണ് ചെയ്തത്. ഹേസൽവുഡ്, സ്റ്റാർക്ക്, ലിയോൺ എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചോദ്യം ചെയ്തിട്ടില്ല. പിന്നെങ്ങനെയാണ് ബോളർമാർക്ക് ഇതേ കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്ന് അവർ വാദിക്കുന്നത്. ആ കള്ളകഥയിൽ തന്നെ അവരിപ്പോഴും തുടരുകയാണ്. ഇതിൽ വലിയൊരു ഒളിച്ചുകളി മണക്കുന്നുണ്ട്.'
2018ൽ കേപ്ടൗണിൽ വെച്ച് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഓസീസ് താരം കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്‌പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നത് ക്യാമറയിൽ കുടുങ്ങിയതിനെ തുടർന്ന് നായകൻ സ്റ്റീവൻ സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണറിനും ഒരു വർഷവും ബാൻക്രോഫ്റ്റിന് ഒമ്പതുമാസവും വിലക്ക് ലഭിച്ചിരുന്നു. പരിശീലകൻ ഡാരൻ ലീമാൻ രാജിവെക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ലോകത്തെ തന്നെ കറുത്ത ഏടുകളിലൊന്നായ പന്ത് ചുരണ്ടൽ വിവാദത്തിനാണ് വീണ്ടും ജീവൻ വെക്കുന്നത്.