വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും മത്സരത്തിനിടെ Source: X/ Indian Premier League
CRICKET

ഐപിഎൽ എന്ന 'പൊന്മുട്ട'; ബിസിസിഐയുടെ വരുമാനക്കണക്കുകളിൽ വൻ കുതിച്ചു ചാട്ടം

ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി ബിസിസിഐക്ക് നേട്ടമാകുകയാണ്. നിലവില്‍ ബിസിസിഐക്ക് 30,000 കോടി രൂപയുടെ കരുതല്‍ ധനമുണ്ട്.

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബിസിസിഐയുടെ വരുമാനക്കണക്കുകൾ പുറത്ത്. 2023-24 വർഷത്തിൽ‌ ബിസിസിഐക്ക് 9741.7 കോടി രൂപയാണ് വരുമാനം ലഭിച്ചത്. ഇതിൽ പകുതിയിലേറെയും ലഭിച്ചത് ഐപിഎല്ലിൽ നിന്നാണ്. 5761 കോടിയാണ് ഐപിഎൽ നടത്തിപ്പിലൂടെ മാത്രം ബിസിസിഐക്ക് ലഭിച്ചത്.

മൊത്തം വരുമാനത്തിൻ്റെ 59 ശതമാനമാണിത്. ഐപിഎൽ ഇതര ടൂർണമെൻ്റുകളുടെ സംപ്രേഷണാവകാശം വിറ്റ വകയിലടക്കം 361 കോടിയാണ് ബോർഡിന് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗിൻ്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി ബിസിസിഐക്ക് നേട്ടമാകുകയാണ്. നിലവില്‍ ബിസിസിഐക്ക് 30,000 കോടി രൂപയുടെ കരുതല്‍ ധനമുണ്ട്.

ലോക ക്രിക്കറ്റിൽ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. ഐസിസിയുടെ വരുമാനത്തിൽ ഏറിയ പങ്കും ലഭിക്കുന്നത് ബിസിസിഐയ്ക്കാണ്.

ഐപിഎൽ വളരും തോറും ബിസിസിഐയുടെ വരുമാനത്തിലും ആ വളർച്ച പ്രതിഫലിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയ പരമ്പരാഗത ഫോർമാറ്റുകളെ കച്ചവടവൽക്കരിക്കുന്നതിലൂടെ വലിയ സാധ്യതകളാണ് ബിസിസിഐക്ക് മുന്നിലുള്ളത്.

ഐസിസിയുടെ വരുമാനത്തിൽ നിന്ന് പ്രതിവർഷം 38.5 ശതമാനമാണ് ബിസിസിഐക്ക് ലഭിക്കുക. ഏകദേശം 1968 കോടി രൂപ വരുമിത്. ലോക ക്രിക്കറ്റിലെ വൻ ശക്തികളായ ഇം​ഗ്ലണ്ടിനും ഓസ്ട്രേലിയക്കുമാണ് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവുമധികം വരുമാനം ലഭിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് 6.89 ശതമാനവും ക്രിക്കറ്റ് ഓസ്ട്രേലിയക്ക് 6.25 ശതമാനവുമാണ് ലഭിക്കുക. ഇതിനെതിരെ പല ക്രിക്കറ്റ് ബോർഡുകളും വിമർശനവുമായി രം​ഗത്ത് വന്നിരുന്നു.

2023ൽ ഐസിസി നടപ്പിലാക്കിയ റവന്യൂ ഷെയറിങ് മോഡൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മുഴുവൻ വരുമാനത്തിൻ്റെ 12 ശതമാനം ഫുൾ മെമ്പർമാരായ ഒമ്പത് രാജ്യങ്ങൾക്കാണ് വീതിച്ചുനൽകുന്നത്. എന്നാൽ ഐസിസിക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകൾ ഇതിൽ ഉൾപ്പെടാറില്ല.

ഐസിസിക്ക് ഏറ്റവും അധികം വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഇന്ത്യക്ക് നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ചോദിക്കാൻ അർഹതയുണ്ടെന്നാണ് മുൻ ഇന്ത്യൻ കോച്ചും കമൻ്റേറ്ററുമായ രവി ശാസ്ത്രി പറയുന്നത്. "38.5 ശതമാനത്തേക്കാൾ ഇന്ത്യ അർഹിക്കുന്നുണ്ട്. ഐസിസിക്ക് ലഭിക്കുന്ന വരുമാനത്തിലെ കൂടുതൽ പങ്കും ഇന്ത്യയിൽ നിന്നാണ്. അതിനാൽ അവർക്ക് കൂടുതൽ ചോദിക്കാൻ അർഹതയുണ്ട്," രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT