ലഖ്നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം റദ്ദാക്കിയതിന് പിന്നാലെ ബിസിസിഐയുടെ മത്സരക്രമീകരണ പാളിച്ചയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച് ആരാധകർ. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ശൈത്യകാലത്ത് ബിസിസിഐ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ക്രിക്കറ്റ് ആരാധകർ ഉയർത്തുന്നത്. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബുധനാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഉപേക്ഷിച്ചിരുന്നു.
നവംബർ, ഡിസംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കക്കെതിരായ മുഴുവൻ പരമ്പരയ്ക്കും അനുവദിച്ച വേദികളിൽ ന്യൂ ചണ്ഡീഗഡ്, ധർമശാല, ലഖ്‌നൗ, റാഞ്ചി, റായ്പൂർ, വിശാഖപട്ടണം, കട്ടക്ക്, അഹമ്മദാബാദ്, ഗുവാഹത്തി, കൊൽക്കത്ത എന്നീ സ്റ്റേഡിയങ്ങളാണ് ഉൾപ്പെടുന്നത്. ലഖ്‌നൗ, ന്യൂ ചണ്ഡീഗഡ്, ധർമശാല തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണ തോത് സാധാരണയായി ഏറ്റവും മോശമാകുന്ന സമയമാണിത്.
ലഖ്‌നൗവിൽ ബുധനാഴ്ച വായു ഗുണനിലവാര സൂചിക അപകടകരമായ ശ്രേണിയിൽ 400ന് മുകളിലായാണ് ഉണ്ടായിരുന്നത്. ഇത് കളിക്കാരുടെ ആരോഗ്യത്തോടുള്ള ബിസിസിഐയുടെ പ്രതിബദ്ധതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പരിശീലനത്തിനിടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ സർജിക്കൽ മാസ്ക് ധരിച്ചാണ് ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.
ലഖ്‌നൗവിൽ മത്സരം നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചോദ്യം ചെയ്തു. "ബിസിസിഐ... ലഖ്‌നൗവിൽ ആരാണ് മത്സരം സംഘടിപ്പിച്ചത്? നിങ്ങൾക്ക് അൽപ്പം പോലും നാണമില്ലേ" ആരാധകരിൽ ഒരാൾ എക്സിൽ കുറിച്ചു.
"ലഖ്‌നൗവിലെ മൂടൽമഞ്ഞ് ആരെയും രക്ഷിക്കാറില്ല. ബിസിസിഐയുടെ മൗനം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്," മറ്റൊരാൾ കുറിച്ചു.
പുകപോലത്തെ മഞ്ഞ് മൂടിയ ഗ്രൗണ്ടിൻ്റെ ചിത്രം പങ്കുവച്ച് "ക്രിക്കറ്റ് താരങ്ങൾ ഇവിടെ കളിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നുണ്ടോ" എന്ന് മറ്റൊരു ആരാധകനും ചോദിച്ചു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം മൂടൽ മഞ്ഞ് മൂലം ഉപേക്ഷിച്ചതിന് പിന്നാലെ കോൺഗ്രസ് എംപി ശശി തരൂരും ബിസിസിഐയെ പരിഹസിച്ച് രംഗത്തെത്തി. ക്രിക്കറ്റ് കളിക്കാൻ പോലും ആകാത്തത്ര മോശം വായു മലിനീകരണമാണ് മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലും ഉള്ളതെന്നും, വായുവിൻ്റെ ഗുണനിലവാര സൂചിക 68 ആയ തിരുവനന്തപുരത്ത് ബിസിസിഐ മത്സരം ഷെഡ്യൂൾ ചെയ്യണമായിരുന്നു എന്നും ശശി തരൂർ എക്സിൽ കുറിച്ചു.
ലഖ്‌നൗവിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ആരംഭിക്കുന്നതിനായി ക്രിക്കറ്റ് ആരാധകർ വെറുതെ കാത്തിരിക്കുകയായിരുന്നു. കട്ടികൂടിയ ഇടതൂർന്ന പുകമഞ്ഞും, 411ലേക്ക് താഴ്ന്ന വായുവിൻ്റെ ഗുണനിലവാരവും കാരണം, ക്രിക്കറ്റ് പോലും കളിക്കാൻ ആകാത്തത്ര മോശം ദൃശ്യപരതയാണ് മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലും ഉള്ളത്. വായുവിൻ്റെ ഗുണനിലവാര സൂചിക 68 ആയ തിരുവനന്തപുരത്ത് അവർ മത്സരം ഷെഡ്യൂൾ ചെയ്യണമായിരുന്നു!
കനത്ത മൂടൽ മഞ്ഞ് മൂലമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചത്. ഏക്ന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 6.30നാണ് ടോസ് ഇടേണ്ടിയിരുന്നത് എന്നിട്ടും, 9.30 ആയിട്ടും ടോസ് ഇടാൻ കഴിഞ്ഞിരുന്നില്ല. കനത്ത മഞ്ഞ് മൂലം കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്നാണ് മത്സരം തുടങ്ങുന്നത് അനന്തമായി നീണ്ടത്. ലഖ്‌നൗവിലെ വായു നിലവാരം 400ൽ എത്തിയതോടെ താരങ്ങൾ മാസ്ക് ധരിച്ചാണ് പരിശീലനം നടത്തിയത്.