

ധരംശാല: ടി20 ക്രിക്കറ്റിൽ പുതിയ എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യയുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇന്ന് 100 വിക്കറ്റ് നേട്ടം ഹാർദിക് സ്വന്തമാക്കിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ടി20യിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായാണ് ഹാർദിക് മാറിയത്.
ടി20യിൽ 1939 റൺസും 100 വിക്കറ്റുമാണ് ഹാർദിക് ഇതേവരെ നേടിയത്. ഇന്ത്യക്കായി ടി20യിൽ ഇതിന് മുമ്പ് 100 വിക്കറ്റ് നേടിയത് ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങുമാണ്.
ടി20 ഫോർമാറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഓൾറൗണ്ടറാണ് ഹാർദിക് പാണ്ഡ്യ. അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി, ബംഗ്ലാദേശി താരം ഷാക്കിബുൽ ഹസൻ, സിംബാബ്‌വെ താരം സിക്കന്ദർ റാസ, മലേഷ്യൻ താരം വിരൺദീപ് സിങ് എന്നിവരാണ് ഈ നാഴികക്കല്ല് നേരത്തെ മറികടന്ന ക്രിക്കറ്റ് താരങ്ങൾ.
ഏഴാം ഓവറിലെ അവസാന പന്തിലാണ് ട്രിസ്റ്റൺ സ്റ്റബ്സിനെ (9) വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ച് ഹാർദിക് പാണ്ഡ്യ 100 വിക്കറ്റുകളെന്ന ചരിത്രനേട്ടത്തിലേക്ക് കുതിച്ചത്. ഈ സമയം 30 റൺസ് മാത്രമായിരുന്നു ടീമിൻ്റെ ആകെ സ്കോർ.
നേരത്തെ റീസ ഹെൻഡ്രിക്സിനെ അർഷ്ദീപ് സിങ് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ, മികച്ച ഫോമിലുള്ള ഡീ കോക്കിനെ ഹർഷിത് റാണ ലെഗ് ബിഫോറാക്കി. പിന്നാലെ രണ്ട് റൺസെടുത്ത ഡിവാൾഡ് ബ്രെവിസിനെ ക്ലീൻ ബൌൾഡാക്കി ഹർഷിത് രണ്ടാമത്തെ വിക്കറ്റ് കൂടി വീഴ്ത്തി. ബോഷിനെ ക്ലീൻ ബൗൾ ചെയ്തു ശിവം ദുബെ അഞ്ചാം വിക്കറ്റും വീഴ്ത്തി.
അതേസമയം, ഡോണോവൻ ഫെരേരയെ ക്ലീൻ ബൌൾ ചെയ്തു ടി20 ക്രിക്കറ്റിലെ അമ്പത് വിക്കറ്റ് നേട്ടം വരുൺ ചക്രവർത്തി ആഘോഷിച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ ജസ്പ്രീത് ബുംറ ഇന്ന് ടീമിൽ കളിക്കാനിറങ്ങില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. താരം ബിസിസിഐയുടെ അനുമതിയോടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. പകരം ഹർഷിത് റാണ ടീമിലെത്തി. സ്പെഷ്യലിസ്റ്റ് സ്പിന്നറും ഓൾറൗണ്ടറുമായ അക്സർ പട്ടേലിന് പകരമായി കുൽദീപ് യാദവ് ടീമിലിടം നേടി.