CRICKET

നാലാം ടി20 മത്സരം ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ നിർണായക അറിയിപ്പുമായി ബിസിസിഐ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ രൂക്ഷവിമർശനമാണ് ബിസിസിഐക്ക് നേരിടേണ്ടി വന്നത്.

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം മോശം കാലാവസ്ഥയെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ വീണ്ടും നിർണായക അറിയിപ്പുമായി ബിസിസിഐ. മത്സരത്തിൽ ടിക്കറ്റെടുത്ത് കാണാനെത്തിയ മുഴുവൻ പേർക്കും ടിക്കറ്റിൻ്റെ പണം തിരിച്ചുനൽകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.

ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ്റെ കീഴിലാണ് പണം തിരിച്ചുനൽകാനുള്ള നടപടി സ്വീകരിക്കുക. ബിസിസിഐ സംഘടിപ്പിക്കുന്ന ഏതെങ്കിലും മത്സരം ഒരു പന്ത് പോലുമെറിയാതെ ഉപേക്ഷിക്കുകയാണെങ്കിൽ കാണികൾക്ക് പണം തിരിച്ചുനൽകുമെന്നാണ് അവരുടെ റീഫണ്ട് പോളിസി.

"ടിക്കറ്റിംഗ് സംബന്ധിച്ച എല്ലാ കാര്യങ്ങളും ചെയ്യുന്നത് അതാത് സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനാണ്. കാരണം ബിസിസിഐ അവർക്കാണ് ഹോസ്റ്റിംഗ് അവകാശങ്ങൾ നൽകുന്നത്. റീഫണ്ടിങ്ങിൻ്റെ കാര്യങ്ങളും സംസ്ഥാന അസോസിയേഷനാണ് ശ്രദ്ധിക്കുന്നത്. അക്കാര്യം സംസ്ഥാന അസോസിയേഷൻ്റെ പരിധിയിൽ വരുന്ന കാര്യമാണ്," ബിസിസിഐ സെക്രട്ടറി പറഞ്ഞു.

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ രൂക്ഷവിമർശനമാണ് ബിസിസിഐക്ക് നേരിടേണ്ടി വന്നത്. ശശി തരൂരിനെ പോലുള്ള രാഷ്ട്രീയ നേതാക്കളും ആരാധകരും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല നിർണായക പ്രഖ്യാപനം നടത്തിയിരുന്നു. ഡിസംബർ 15 മുതൽ ജനുവരി 15 വരെ വടക്കേ ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ വേദികളെ കുറിച്ച് പുനരവലോകനം നടത്തുമെന്നാണ് ബിസിസിഐ ഉപാധ്യക്ഷൻ അറിയിച്ചത്.

"മൂടൽമഞ്ഞ് കാരണം മത്സരം റദ്ദാക്കേണ്ടി വന്നു. ജനങ്ങൾ അതിൽ അസ്വസ്ഥരായിരുന്നു. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള ഉത്തരേന്ത്യയിലെ മത്സരങ്ങൾ ദക്ഷിണേന്ത്യയിലേക്ക് മാറ്റണോ അതോ പശ്ചിമ ഇന്ത്യയിലേക്ക് മാറ്റണോ എന്ന് തീരുമാനിക്കാൻ ഞങ്ങൾ മാച്ച് ഷെഡ്യൂൾ പുനഃപരിശോധിക്കേണ്ടതുണ്ട്. കനത്ത മൂടൽമഞ്ഞ് ആഭ്യന്തര മത്സരങ്ങളെയും ബാധിക്കുന്നുണ്ട്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്," ശുക്ല എഎൻഐയോട് പറഞ്ഞു.

ലഖ്‌നൗവിൽ മത്സരം നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചോദ്യം ചെയ്തിരുന്നു. "ബിസിസിഐ... ലഖ്‌നൗവിൽ ആരാണ് മത്സരം സംഘടിപ്പിച്ചത്? നിങ്ങൾക്ക് അൽപ്പം പോലും നാണമില്ലേ" ആരാധകരിൽ ഒരാൾ എക്സിൽ കുറിച്ചു.

"ലഖ്‌നൗവിലെ മൂടൽമഞ്ഞ് ആരെയും രക്ഷിക്കാറില്ല. ബിസിസിഐയുടെ മൗനം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്," മറ്റൊരാൾ കുറിച്ചു.

പുകപോലത്തെ മഞ്ഞ് മൂടിയ ഗ്രൗണ്ടിൻ്റെ ചിത്രം പങ്കുവച്ച് "ക്രിക്കറ്റ് താരങ്ങൾ ഇവിടെ കളിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നുണ്ടോ" എന്ന് മറ്റൊരു ആരാധകനും ചോദിച്ചു.

SCROLL FOR NEXT