ജെമീമ റോഡ്രിഗസ്, കസ്തൂരി 
CRICKET

"വിജയത്തിന് പിന്നിൽ ശിവനോ ഹനുമാനോ ആണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?"; ജെമീമ റോഡ്രിഗ്‌സിനെതിരെ ബിജെപി നേതാവ് കസ്തൂരി

ലോകകപ്പ് സെമി വിജയത്തിന് ശേഷമുള്ള ജെമീമയുടെ പ്രതികരണമാണ് കസ്തൂരിയെ ചൊടിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഐസിസി വനിത ലോകകപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ജെമീമ റോഡ്രിഗസിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. ഇപ്പോഴിതാ ഇന്ത്യയുടെ വിജയശിൽപ്പി ജെമീമയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും നടിയുമായ കസ്തൂരി. ലോകകപ്പ് സെമി വിജയത്തിന് ശേഷം യേശുവിന് നന്ദി പറഞ്ഞുകൊണ്ടുള്ള ജെമീമയുടെ പ്രതികരണമാണ് കസ്തൂരിയെ ചൊടിപ്പിച്ചത്.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് കസ്തൂരിയുടെ വിമർശനം. വിജയത്തിന് ശേഷം ജെമീമ യേശുവിന് നന്ദി പറഞ്ഞിരുന്നു. വിജയത്തിന് പിന്നില്‍ ഭഗവാന്‍ ശിവനോ ഹനുമാനോ ആണെന്ന് ഏതെങ്കിലും ക്രിക്കറ്റ് താരം പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു കസ്തൂരിയുടെ ചോദ്യം. ജയ് ശ്രീറാം എന്നു പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു? ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോയെന്നും അവര്‍ ചോദിക്കുന്നു.

പോസ്റ്റിന് കീഴെ വീണ്ടും കസ്തൂരി തൻ്റെ പ്രസ്താവന ആവർത്തിച്ചു. "വ്യക്തതയ്ക്കായി ഞാൻ എൻ്റെ ചോദ്യം ആവര്‍ത്തിക്കുകയാണ്. ഏതെങ്കിലും ക്രിക്കറ്റര്‍ എവിടെയെങ്കിലും വെച്ച് ഭഗവാന്‍ ശിവന്റെയോ ഹനുമാന്‍ ജീയുടെയോ സായ് ബാബയുടെയോ അനുഗ്രഹത്താലാണ് വിജയം എന്ന് പറഞ്ഞിട്ടുണ്ടോ? അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു" കസ്തൂരി ട്വീറ്റ് ചെയ്തു.

മത്സരശേഷം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജെമീമയോട് സെഞ്ചുറിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവർ യേശുവിന് നന്ദി പറഞ്ഞത്. മത്സരത്തിനൊടുവില്‍ ശാരീരികമായി തളർന്നപ്പോൾ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ തനിക്ക് ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞെന്നുമായിരുന്നു ജെമീമയുടെ പ്രസ്താവന.

"എനിക്ക് അര്‍ധസെഞ്ചുറിയോ സെഞ്ചുറിയോ ഒന്നുമായിരുന്നില്ല പ്രധാനം. ഇന്ത്യയെ ഫൈനലിലെത്തിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇന്നിംഗ്സിനൊടുവില്‍ക്ഷീണിതയായി. ഇതോടെ ബൈബിളിലെ ഈ വാചകങ്ങളായിരുന്നു ഞാന്‍ ഉരുവിട്ടത്. 'തളരാതെ പിടച്ചു നില്‍ക്കൂ, ദൈവം നിനക്ക് വേണ്ടി പോരാടും'," ജെമീമയുടെ ഈ വാക്കുകൾക്കെതിരെയാണ് കസ്തൂരിയുടെ വിമർശനം.

SCROLL FOR NEXT