

മുംബൈ: ജെമീമ റോഡ്രിഗസിൻ്റെ ചെളിപുരണ്ട ജേഴ്സി ഇന്നൊരു പ്രതീകമാണ്, അൽപ്പം വൈകിയായാലും കഠിനാധ്വാനം ചെയ്യുന്നവരെ തേടി അർഹിച്ച പ്രതിഫലം എത്തുമെന്ന മഹത്തായ സന്ദേശം. ചുറ്റുമുള്ള ലോകം എന്തെല്ലാം നുണക്കഥകൾ പ്രചരിപ്പിച്ച് വേട്ടയാടിയാലും, കഴിവും അർപ്പണബോധവും ഉള്ളവർ ജീവിത വിജയം നേടുമെന്നും, ഒരിക്കൽ സൂര്യശോഭയോടെ തിളങ്ങുമെന്നുമുള്ള വലിയ സത്യം.
ഏഴ് തവണ ലോക ചാംപ്യന്മാരും നിലവിലെ ലോക ജേതാക്കളുമായ ഓസ്ട്രേലിയയുടെ കലാശപ്പോരിലേക്കുള്ള കുതിപ്പിന് തടയിട്ട ഇന്ത്യൻ ക്രിക്കറ്റർ, ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ജെമീമ റോഡ്രിഗസിൻ്റെ പേര് സുവർണ ലിപികളാൽ എഴുതിവയ്ക്കപ്പെടും. തുടർച്ചയായ 15 ലോകകപ്പ് മത്സരങ്ങളിൽ തോൽവി അറിയാത്ത ഓസീസ് ടീമിനെയാണ് നീലപ്പട കഴിഞ്ഞ ദിവസം മുട്ടുകുത്തിച്ചത്.
2005നും 2017നും ശേഷം ഇത് മൂന്നാം തവണയാണ് ഇന്ത്യൻ പെൺപട ഏകദിന ലോകകപ്പിൻ്റെ ഫൈനലിന് ടിക്കറ്റെടുക്കുന്നത്. വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റൺചേസുമായാണ് ടീം ഇന്ത്യ ഫൈനലിലേക്ക് കുതിച്ചെത്തിയത്. ജെമീമ ജസീക്ക റോഡ്രിഗസ് എന്ന 25കാരിയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് പിറവിയെടുത്തത്, ടീം ഇന്ത്യയെ ലോകകപ്പിൻ്റെ ഫൈനലിലേക്ക് എത്തിക്കാനായിരുന്നു എന്നിടത്താണ് അതിൻ്റെ മഹത്വമേറുന്നത്.
ജെമീമ എന്ന ബാന്ദ്രക്കാരിയായ പെൺകുട്ടി കരിയറിൻ്റെ പീക്കിൽ നിൽക്കുമ്പോൾ, അവരുടെ കുടുംബം മുമ്പ് നേരിട്ട സൈബർ ആക്രമണങ്ങളും സംഘപരിവാർ വിദ്വേഷ പ്രചരണങ്ങളും ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ജെമീമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണങ്ങൾ ഉയർത്തിയാണ് ഹിന്ദുത്വവാദികൾ നിർദയം അവരെ വേട്ടയാടിയത്.
എല്ലാവരുടെയും നന്മ മാത്രമാണ് ആഗ്രഹിക്കുന്നതെന്നാണ് ഇവാൻ ഇതിന് നൽകിയ മറുപടി. മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം ക്ലബ്ബിൻ്റെ പൂർണ അനുമതിയോടെയാണ് പ്രാർത്ഥനാ ചടങ്ങുകൾ നടത്തിയതെന്നും വ്യക്തമാക്കിയിരുന്നു.
ജെമീമ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വീഡിയോ പ്രചരിപ്പിച്ച് അവരെ പരിഹസിക്കുകയും ചെയ്തിരുന്നു. 2024ൽ ജെമീമയ്ക്ക് ബഹുമാനാർത്ഥം നൽകിയ മെമ്പർഷിപ്പ് ജിംഖാന ക്ലബ് തിരിച്ചെടുത്തതും വിവാദമായിരുന്നു. അന്ന് മതവിശ്വാസത്തിൻ്റെ പേരിൽ ജെമീമയേയും കുടുംബത്തേയും വേട്ടയാടിയവർ ഇപ്പോൾ മാളങ്ങളിൽ ഒളിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി എക്സിൽ കുറിച്ചത്.