Image: X
CRICKET

വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും, ആലോചിച്ച് തീരുമാനിക്കുക; പാകിസ്ഥാന് ഐസിസിയുടെ മുന്നറിയിപ്പ്

തീരുമാനത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാര മാര്‍ഗം കണ്ടെത്തണമെന്നും ഐസിസി

Author : നസീബ ജബീൻ

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന പാകിസ്ഥാന്‍ നിലപാടില്‍ പ്രതികരണവുമായി ഐസിസി. ഫെബ്രുവരി 15 ന് കൊളംബോയിലാണ് ഇന്ത്യ-പാക് മത്സരം തീരുമാനിച്ചിരുന്നത്. ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ മത്സരിക്കുമെങ്കിലും ഇന്ത്യക്കെതിരായി കളിക്കില്ലെന്നുമായിരുന്നു പാകിസ്ഥാന്‍ അറിയിച്ചത്.

തീരുമാനത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാര മാര്‍ഗം കണ്ടെത്തണമെന്നുമാണ് ഐസിസി അറിയിച്ചിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പാകിസ്ഥാന്റെ നീക്കം.

ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റില്‍ ചില ടീമുകള്‍ക്കെതിരെ മാത്രം കളിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇത് മത്സരത്തിന്റെ അന്തസിനും നീതിക്കും എതിരാണെന്നും വ്യക്തമാക്കിയ ഐസിസി, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പു കൂടിയാണ് പാകിസ്ഥാന് നല്‍കുന്നത്. പിസിബിയുമായി ചര്‍ച്ച നടത്തി എല്ലാവര്‍ക്കും തൃപ്തികരമായ ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഐസിസി വ്യക്തമാക്കി. ക്രിക്കറ്റിന്റെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെയും താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ഐസിസി പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിക്കുന്നത് പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകളെയടക്കം ബാധിച്ചേക്കും. മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക് രണ്ട് പോയിന്റുകള്‍ ലഭിക്കും.

മാത്രമല്ല, ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വ്യൂവര്‍ഷിപ്പുള്ള മത്സരമാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. മത്സരം ഉപേക്ഷിച്ചാല്‍, സംപ്രേഷണ വരുമാനത്തിലും സ്‌പോണ്‍സര്‍ഷിപ്പിലും ഐസിസിക്ക് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഇത് പാകിസ്ഥാനു മേല്‍ വലിയ തുക പിഴയായി ഈടാക്കിയേക്കും. ഭാവിയില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ നിന്നോ ഏഷ്യാ കപ്പില്‍ നിന്നോ പാകിസ്ഥാനെ വിലക്കാനും സാധ്യതയുണ്ട്.

അതേസമയം, പാകിസ്ഥാന്‍ നിലപാട് എന്തായാലും ഐസിസി പ്രോട്ടോക്കോള്‍ പാലിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് പോകുമെന്നും ബിസിസിഐ അറിയിച്ചു.

SCROLL FOR NEXT