ദുബായ്: ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ ഫോർ മാച്ചിൽ ടോസ് നേടിയ ഇന്ത്യ ആദ്യം പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. 15 റൺസെടുത്ത ഫഖർ സമാനെ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിൻ്റെ കൈകളിലെത്തിച്ച് ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മൂന്നാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് ഫഖർ സമാൻ പുറത്തായത്.
അതേസമയം, സഞ്ജുവിൻ്റെ ക്യാച്ചിനെ ചൊല്ലി എക്സ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വലിയ തർക്കം ഉടലെടുത്തിട്ടുണ്ട്. ഹാർദികിൻ്റെ സ്ലോ ബോളിൽ ഫഖറിൻ്റെ ഷോട്ട് പിഴച്ചപ്പോൾ താഴ്ന്നെത്തിയ പന്ത് സഞ്ജു മുന്നോട്ടുകയറി കോരിയെടുക്കുകയായിരുന്നു.
എന്നാൽ ഐസിസി ചതിച്ചുവെന്നും, അവർ ഇന്ത്യയെ സഹായിച്ച് പാകിസ്ഥാനെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ് എന്നുമാണ് വിമർശനങ്ങൾ ഉയരുന്നത്. ബിസിസിഐ ഐസിസിയെ സ്വാധീനിച്ചാണ് പാകിസ്ഥാനെ തോൽപ്പിക്കാൻ ശ്രമിക്കുന്നതെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ബിസിസിഐ മാച്ച് റഫറിമാരെ വിലയ്‌ക്കെടുത്ത് പാകിസ്ഥാനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് പാക് ആരാധകരുടെ പരാതി. എന്നാൽ ഇതിനെതിരെ ഇന്ത്യൻ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവിൻ്റെ ക്യാച്ച് ശരിക്കും ഔട്ട് തന്നെയാണെന്നും പാക് ആരാധകർക്ക് കൊതിക്കെറുവാണെന്നും ഇന്ത്യൻ ആരാധകരും ചൂണ്ടിക്കാട്ടി.