CRICKET

ഫെബ്രുവരി 15ന് ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം നടക്കാൻ സാധ്യത; നിർണായക നീക്കവുമായി ഐസിസി

ഐസിസി പ്രതിനിധികളും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികളും ലാഹോറിൽ ത്രികക്ഷി ചർച്ച വിളിച്ചിട്ടുണ്ട്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ബഹിഷ്ക്കരണ ആഹ്വാനം നിലനിൽക്കെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ഐസിസിയുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ നീക്കം. ഫെബ്രുവരി 15ന് ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം നടക്കാനുള്ള സാധ്യതകളാണ് വീണ്ടും തെളിയുന്നത്. ഇതിനായി ഐസിസി പ്രതിനിധികളും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികളും ലാഹോറിൽ ത്രികക്ഷി ചർച്ച വിളിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രതിനിധിയായി അമിനുൾ ഇസ്ലാമും ഈ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. പിസിബി തന്നെയാണ് ബംഗ്ലാദേശിനെയും യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. നേരത്തെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശിൻ്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. തുടർന്ന് ബംഗ്ലാദേശ് പിന്മാറിയതോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചത്.

മത്സരത്തിൽ നിന്ന് പിന്മാറുന്നത് കൊണ്ട് കനത്ത സാമ്പത്തിക നഷ്ടമാണ് ഇരു ബോർഡുകളെയും കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് നിലപാടിൽ അയവ് വരുത്താൻ പാക്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകൾ തയ്യാറായിരിക്കുന്നത്.

പാകിസ്ഥാൻ ടി20 ലോകകപ്പ് ബഹിഷ്കരിച്ചാൽ സ്വാഭാവികമായും കടുത്ത തിരിച്ചടി അവർക്ക് ഉറപ്പാണ്. ഐസിസിയിൽ നിന്ന് പാകിസ്ഥാന് ലഭിക്കേണ്ട വാർഷിക വരുമാന വിഹിതമായ 34.5 ദശലക്ഷം ഡോളർ (ഏകദേശം 966 കോടി രൂപ) ഐസിസി തടഞ്ഞുവയ്ക്കും. കൂടാതെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കാൻ വിദേശ താരങ്ങൾക്ക് എൻഒസി നൽകുന്നത് ഐസിസി തടഞ്ഞേക്കും. ഇത് പാക് ക്രിക്കറ്റ് ലീഗിന്‍റെ വാണിജ്യ മൂല്യം അപ്പാടെ തകർക്കാനിടയാക്കും. കൂടാതെ വരാനിരിക്കുന്ന ഏഷ്യാ കപ്പുകളിൽ നിന്നും ഐസിസി പാകിസ്ഥാനെ വിലക്കിയേക്കും. കൂടാതെ മറ്റു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പരമ്പരകളും റദ്ദാക്കപ്പെടും.

ടി20 ലോകകപ്പിനുള്ള പാക് ടീം:

സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഫഖർ സമാൻ, ഷദാബ് ഖാൻ, നസീം ഷാ, അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.

SCROLL FOR NEXT