ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്ത് Source: News Malayalam 24x7
CRICKET

ഇംഗ്ലണ്ടിനെ കരകയറ്റി ബ്രൂക്ക്-സ്മിത്ത് സഖ്യം; 407ന് പുറത്ത്, സിറാജിന് ആറ് വിക്കറ്റ്

ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് 180 റണ്‍സിന്റെ ലീഡാണ് ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ ഉയർത്തിയ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 407ല്‍ അവസാനിച്ചു. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് 180 റണ്‍സിന്റെ ലീഡാണ് ലഭിച്ചത്. കളിയുടെ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലീഷ് പട. ഹാരി ബ്രൂക്ക്-ജെയ്മി സ്മിത്ത് കൂട്ടകെട്ടാണ് ഇംഗ്ലണ്ടിന് രക്ഷയായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആറുവിക്കറ്റും ആകാശ്ദീപ് നാലുവിക്കറ്റുമെടുത്തു.

ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും ചേർന്ന് 300 റണ്‍സ് ടീം ടോട്ടലിലേക്ക് കൂട്ടിച്ചേർത്തു. 83ാം ഓവറിലാണ് ഈ കൂട്ടുകെട്ട് ഇന്ത്യ തകർത്തത്. 158 റണ്‍സെടുത്ത ബ്രൂക്കിനെ ആകാശ് ദീപ് പുറത്താക്കി. ജെയ്മി സ്മിത്ത് പുറത്താകാതെ 184 റണ്‍‌സെടുത്തു. 207 പന്തുകള്‍ നേരിട്ട ജെയ്മി 21 ഫോറും 4 സിക്സുമാണ് അടിച്ചത്.

നേരത്തെ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 587 റണ്‍സാണ് ആദ്യ ഇന്നിംഗ്സില്‍ നേടിയത്. ആറാം വിക്കറ്റില്‍ ഗില്ലും രവീന്ദ്ര ജഡേജയും ചേർന്ന് പടുത്തുയർത്തിയ 203 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്.137 പന്തില്‍ 10 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 89 റണ്‍സാണ് ജഡേജ നേടിയത്. 387 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ നായകന്‍ 269 റണ്‍സെടുത്താണ് പുറത്തായത്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. മൂന്നാം ദിനം കളി തുടങ്ങി അധികം കഴിയും മുന്‍പ് തന്നെ ഇന്ത്യ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി. 22 റണ്‍സില്‍ ജോ റൂട്ടും പൂജ്യത്തിന് ബെന്‍ സ്റ്റോക്സുമാണ് പുറത്തായത്. ഇരുവരുടെയും വിക്കറ്റ് സിറാജിനായിരുന്നു. ഈ ഘട്ടത്തിലാണ് ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും രക്ഷാപ്രവർത്തനം ഏറ്റെടുത്തത്. ഇരുവരുടെയും മികവില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 407 റണ്‍സെടുത്തു.

രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. യശ്വസി ജയ്സ്വാളിന്റെ (28) വിക്കറ്റാണ് വീണത്. ജോഷ് ടങ്ങിന്റെ പന്തില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങുകയായിരുന്നു.

SCROLL FOR NEXT