ഗില്ലിന്റേത് കന്നി ഇരട്ട സെഞ്ച്വറി മാത്രമല്ല; ഇന്ത്യന്‍ നായകന് മുന്നില്‍ വഴിമാറിയ റെക്കോർഡുകള്‍

ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ നിരവധി അവിസ്മരണീയമായ ഇന്നിംഗ്‌സുകൾ കാണാം. എന്നാല്‍ അതില്‍ ഇരട്ട ശതകം നേടിയ ഇന്ത്യന്‍ താരങ്ങള്‍ ചുരുക്കമാണ്.
ഇരട്ട സെഞ്ച്വറി ആഘോഷിക്കുന്ന ശുഭ്‌മാന്‍ ഗില്‍
ഇരട്ട സെഞ്ച്വറി ആഘോഷിക്കുന്ന ശുഭ്‌മാന്‍ ഗില്‍Source: X
Published on

നായകനായ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി. രണ്ടാമത്തെ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി. വിരാട് കോഹ്ലിയുടേയും രോഹിത്ത് ശർമയുടേയും പടിയിറക്കത്തിനു ശേഷം ഇന്ത്യന്‍ നായക സ്ഥാനം ഏറ്റെടുത്ത ശുഭ്മാന്‍ ഗില്ലിനെ നോക്കി "ഉപ്പോളം വരുമോ ഉപ്പിലിട്ടത്" എന്ന് പറഞ്ഞവരുടെ വായ അടപ്പിച്ചിരിക്കുകയാണ് എണ്ണം പറഞ്ഞ ഈ ഇന്നിംഗ്സുകള്‍.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 199 പന്തുകളിലാണ് ഗില്‍ സെഞ്ച്വറി തികച്ചത്. അടുത്ത 112 പന്തുകളിൽ നൂറ് റണ്‍സെടുത്ത് ഗില്‍ പുതിയ ചരിത്രമെഴുതി. ടെസ്റ്റിലെ കന്നി സെഞ്ച്വറി! 21 ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഇന്നിംഗ്സ്. 387 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ നായകന്‍ 269 റണ്‍സെടുത്താണ് പുറത്തായത്. നാലാം നമ്പറില്‍ ഇറങ്ങിയ ഗില്ലിന്റെ പവറിലാണ് ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 587 എന്ന കൂറ്റന്‍ സ്കോർ പടുത്തുയർത്തിയത്.

റെക്കോർഡിന്റെ തിളക്കമുള്ള 'ഡബിള്‍'

ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ നിരവധി അവിസ്മരണീയമായ ഇന്നിംഗ്‌സുകൾ കാണാം. എന്നാല്‍ അതില്‍ ഇരട്ട ശതകം നേടിയ ഇന്ത്യന്‍ താരങ്ങള്‍ ചുരുക്കമാണ്. കൃത്യമായി പറഞ്ഞാല്‍ ഗില്ലിന് മുന്‍പ് രണ്ട് പേർ. രാഹുല്‍ ദ്രാവിഡ് (217), സുനില്‍ ഗവാസ്കർ (221). ഈ നിരയിലേക്കാണ് 25കാരനായ ഗില്‍ പ്രവേശിച്ചിരിക്കുന്നത്. കയറി വന്നപ്പോഴോ, 46 വ‍ർഷം പഴക്കമുള്ള സുനിൽ ​ഗവാസ്കറിന്റെ ഒരു ഇന്ത്യൻ ബാറ്റർ ഇം​ഗ്ലണ്ടിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോ‍ർ എന്ന റെക്കോർഡ് പഴങ്കഥയായി.

സുനില്‍ ഗവാസ്കർ
സുനില്‍ ഗവാസ്കർSource: X / ICC

1979 ൽ ഓവലില്‍ 221 റണ്‍സെടുത്ത സുനില്‍ ഗവാസ്കറാണ് ഇംഗ്ലണ്ട് മണ്ണിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം. നാലാം ഇന്നിംഗ്‌സിൽ 438 റൺസിന്റെ റെക്കോർഡ് ലക്ഷ്യം പിന്തുടരുന്നതിനിടെയായിരുന്നു ഈ ചരിത്ര നേട്ടം. ചേതൻ ചൗഹാനൊപ്പം ഓപ്പണ്‍ ചെയ്ത സണി 213 റൺസിന്റെ ശക്തമായ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ചൗഹാൻ 80 റൺസെടുത്തപ്പോള്‍ ഗവാസ്കർ ചരിത്ര താളുകളില്‍ തന്റെ പേര് എഴുതിച്ചേർത്തു. എട്ട് മണിക്കൂർ കളിച്ച ഇന്ത്യന്‍ ലെജന്‍ഡ് 443 പന്തുകളാണ് നേരിട്ടത്. സമനിലയിലാണ് ഈ മത്സരം അവസാനിച്ചത്.

ഇരട്ട സെഞ്ച്വറി ആഘോഷിക്കുന്ന ശുഭ്‌മാന്‍ ഗില്‍
നായകന്‍ ഡബിള്‍ സ്ട്രോങ്ങാ...; കോഹ്ലിക്കൊപ്പമെത്തി ഗില്‍, ക്യാപ്റ്റന്റെ ഇരട്ട സെഞ്ച്വറിയില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോർ
രാഹുല്‍ ദ്രാവിഡ്
രാഹുല്‍ ദ്രാവിഡ്Source: X/ ICC

ഓവലില്‍ തന്നെയായിരുന്നു രാഹുല്‍ ദ്രാവിഡിന്റെയും ഇരട്ട സെഞ്ച്വറി നേട്ടം. 2002ൽ ഓവലിൽ നടന്ന നാലാമത്തെ ടെസ്റ്റിൽ 217 റണ്‍സാണ് താരം നേടിയത്. വീരേന്ദർ സെവാഗിനെയും സഞ്ജയ് ബംഗാറിനെയും നഷ്ടമായ ഇന്ത്യ ഒന്നു പതുങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു 'വന്‍ മതിലന്റെ' മാരത്തോണ്‍ ഇന്നിംഗ്സ്. 11 മണിക്കൂറിലധികം ബാറ്റ് ചെയ്ത ദ്രാവിഡ്, 468 പന്തുകൾ നേരിട്ടു. 28 ബൗണ്ടറിയും നേടി. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരുമായി ദ്രാവിഡ് കൂട്ടുകെട്ടുകൾ കെട്ടിപ്പടുത്തു. ഇന്ത്യ 508 എന്ന കൂറ്റന്‍ സ്കോർ നേടിയിട്ടും മഴ മൂലം കളി സമനിലയില്‍ അവസാനിച്ചു.

ഇവരുടെ പിന്‍ഗാമിയായിട്ടാണ് ഗില്ലിന്റെ വരവ്. പക്ഷേ ഗില്ലിന്റെ പ്രകടനത്തിന് തിളക്കം ഏറും. ഇംഗ്ലണ്ടില്‍ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന നായകനും മറ്റാരുമല്ല, ഗില്‍ തന്നെ. 1990ൽ മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ 179 റൺസെന്ന റെക്കോർഡാണ് ഗില്‍ മറികടന്നത്. ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ നായകനും കൂടിയാണ് ഗില്‍. പ്രായം കൂടി കണക്കിലെടുത്താല്‍ ഈ റെക്കോർഡുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ക്യാപ്റ്റനും.

വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലിSource: X/ ANI

വിദേശത്ത് ടെസ്റ്റില്‍ ഡബില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ നായകനും ഗില്ലാണ്. വിരാട് കൊഹ്ലിയാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍. 2016ൽ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയായിരുന്നു കോഹ്‌ലിയുടെ ഡബിള്‍. ആന്റിഗ്വയിലെ നോർത്ത് സൗണ്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ ടീമിനെ നയിച്ച കോഹ്‌ലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൃത്യം 200 റൺസെടുത്ത ഇന്ത്യന്‍ സ്കിപ്പർ ടീമിനെ വമ്പൻ സ്കോർ കണ്ടെത്താന്‍ സഹായിച്ചു. കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ ഒരു സുപ്രധാന സന്ധിയായിരുന്നു അത്. വിദേശ സാഹചര്യങ്ങളിൽ കോഹ്‌ലി സ്ഥിരതയോടെ മുന്നിൽ നിന്ന് നയിച്ച ഒരു കാലഘട്ടത്തിന്റെ തുടക്കവും.

269 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് നിലവില്‍ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയും ഇന്ത്യൻ ക്യാപ്റ്റന്‍.

ഒരു ഇന്ത്യന്‍ ബാറ്ററിന്റെ ഏഴാമത്തെ ഉയർന്ന സ്‌കോർ നേടി ഗില്‍ ക്രീസ് വിടുമ്പോള്‍ ഒരു ബാറ്ററെന്ന നിലയില്‍ താരത്തിന് നേരെ ഉയരാന്‍ സാധ്യതയുള്ള പല ചോദ്യങ്ങളും കൂടിയാണ് കളം വിടുന്നത്. സ്ഥിരതയോടെ ഈ പ്രകടനം തുടരാന്‍ സാധിച്ചാല്‍ 'ഈ പയ്യന്‍ വന്നത് ചുമ്മാതങ്ങ് പോകാനല്ല' എന്ന് ലോകം അറിയും. റെക്കോർഡുകള്‍ പലതും ഇനിയും മാറ്റിയെഴുതേണ്ടി വരും. ഗ്യാലറിയില്‍ ചിലപ്പോള്‍ ഈ യുവതാരത്തിന്റെ പേരും ആവർത്തിച്ച് വിളിച്ച് 'അസാധ്യങ്ങള്‍ സാധിപ്പിച്ച് തരാന്‍ ആവശ്യപ്പെടുന്ന' ആരാധകരുടെ ഒരു കൂട്ടം വളർന്നേക്കും. കാലം ആണ് ഇതിനൊക്കെ മറുപടി നല്‍കേണ്ടത്. ഒപ്പം 22 യാർഡിനുള്ളിലെ സ്ഥിരതയാർന്ന പ്രകടനവും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com