ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ലീഡ്സിലെ തോൽവിയിൽ നിന്ന് തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ശുഭ്മാൻ ഗില്ലും സംഘവും ബർമിങ്ഹാമിലെത്തുന്നത്. ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ 1-0ന് മുന്നിലാണ്. മത്സരം ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കും.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന് രണ്ടു ദിവസം മുമ്പേ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയാകട്ടെ ജസ്പ്രീത് ബുമ്ര ടീമിലുണ്ടാകുമോ എന്നതുപോലും അവസാന നിമിഷം മാത്രമേ തീരുമാനിക്കൂ.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ബുമ്രയെ മൂന്ന് മത്സരങ്ങളിൽ മാത്രം കളിപ്പിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീക്കം. അമിത ജോലിഭാരം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടിൽ ബുമ്രയെ മൂന്ന് ടെസ്റ്റുകളിൽ മാത്രമായി കളിപ്പിക്കുന്നത്.
ബുമ്രയില്ലെങ്കില്‍ അര്‍ഷ്ദീപ് ടീമിലെത്തിയേക്കും. ബാസ്ബോള്‍ ശൈലിയെ പിടിച്ചുകെട്ടാന്‍ കുല്‍ദീപ് യാദവിനെയും വാഷിങ്ടണ്‍ സുന്ദറിനെയും ഇന്ത്യ പ്ലെയിങ് ഇലവനിൽ പരീക്ഷിച്ചേക്കും.
ബാറ്റിങ്ങിൻ്റെ ആഴം കൂടി മുന്നില്‍ കണ്ടാണ് ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് അവസരം നല്‍കാൻ ഇന്ത്യ ആലോചിക്കുന്നത്. കാലാവസ്ഥയും പിച്ചിന്റെ സ്വഭാവവും കൂടി പരിഗണിച്ചായിരിക്കും ബുമ്രയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
ബര്‍മിങ്ങാമില്‍ ടെസ്റ്റ് നടക്കുന്ന അഞ്ച് ദിവസങ്ങളില്‍ മൂന്നിലും മഴ പെയ്തേക്കുമെന്നാണ് പ്രവചനം. ഫലം ഉറപ്പില്ലാത്തൊരു ടെസ്റ്റില്‍ ബുമ്രയ്ക്ക് വിശ്രമം നല്‍കാനും സാധ്യതയേറെയാണ്.