Source: X/ ICC
CRICKET

"ഭീകരർ പാകിസ്ഥാനിൽ നിന്നാണ് വരുന്നതെന്ന് നമുക്കറിയാം"; ഇന്ത്യ-പാക് ഏഷ്യ കപ്പ് മത്സരം ബഹിഷ്കരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

മെയ് 7ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: ഇന്ത്യ- പാക് ഏഷ്യ കപ്പ് മത്സരം ബഹിഷ്കരിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം. സെപ്റ്റംബർ 14ന് ദുബായിൽ വെച്ച് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരം ബഹിഷ്കരിക്കണമെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ മനോജ് തിവാരി ആവശ്യപ്പെട്ടത്.

ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാനികളായ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. മെയ് 7ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളായിരുന്നു.

താൻ വ്യക്തിപരമായി ഏഷ്യ കപ്പ് മുഴുവനായി ബഹിഷ്കരിക്കുമെന്നും, നിരവധി ആളുകൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഈ മത്സരം കാണുന്നതിന് മനസ് സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'മത്സരം നടക്കുന്നത് ടിആർപി കൊണ്ടോ, വരുമാനം കൊണ്ടോ മാത്രമാണെങ്കിൽ അതിൻ്റെ ആവശ്യം തന്നെയില്ല. ഐസിസി നടപടി എടുക്കുന്നില്ലെങ്കിൽ ഇന്ത്യ തന്നെ മത്സരം ഒഴിവാക്കണം," എന്നാണ് തിവാരിയുടെ വാക്കുകൾ.

2019ലെ പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടതിനേയും മനോജ് തിവാരി ഓർമിപ്പിച്ചു. അങ്ങനെയിരിക്കെ നമ്മൾ എങ്ങനെ ഈ മത്സരം ആസ്വദിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഈ ഭീകരർ പാകിസ്ഥാനിൽ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. അതിനാൽ എന്തിനാണ് നമ്മൾ അവർക്കെതിരെ കളിക്കുന്നതെന്നും തിവാരി ചോദിച്ചു.

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ രണ്ടു തവണ പാകിസ്ഥാൻ്റെ ടീമുമായി കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ആദ്യ മത്സരം റദ്ദാക്കിയതിന് ശേഷം, സെമി ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ നേരിടേണ്ട സാഹചര്യമുണ്ടായി. എന്നാലും മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യ വിസമ്മതിക്കുകയും ടൂർണമെന്റിൽ നിന്ന് പിമ്മാറുകയും ചെയ്തു.

അതിന് മുമ്പ് പാകിസ്ഥാനിൽ നടന്ന ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഒടുവിൽ ദുബായിൽ എല്ലാ മത്സരങ്ങളും കളിച്ച ഇന്ത്യ ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഗംഭീര വിജയത്തോടെ കിരീടമുയർത്തി.

SCROLL FOR NEXT