
കൊച്ചി: എസ്. ശ്രീശാന്തിനെ ഹർഭജൻ സിങ് തല്ലുന്ന 2008 ഐപിഎല്ലിലെ വീഡിയോ പുറത്തുവിട്ട ലളിത് മോദിയെയും മൈക്കൽ ക്ലാർക്കിനെയും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശ്രീശാന്തിൻ്റെ ജീവിത പങ്കാളി ഭുവനേശ്വരി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഭുവനേശ്വരി സംഭവത്തെ വിമർശിച്ചത്.
ഐപിഎൽ സ്ഥാപകനായ ലളിത് മോദി, മുൻ ഓസീസ് ക്രിക്കറ്റർ മൈക്കൽ ക്ലാർക്ക് എന്നിവരുടെ പ്രവൃത്തി "വെറുപ്പുളവാക്കുന്നതും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമാണ്" എന്നാണ് ഭുവനേശ്വരി വിശേഷിപ്പിച്ചത്.
"ലളിത് മോദി, മൈക്കൽ ക്ലാർക്ക് എന്നിവരോടൊക്കെ നാണക്കേട് തോന്നുന്നു. സ്വന്തം പബ്ലിസിറ്റിക്കും കാഴ്ചപ്പാടുകൾക്കും വേണ്ടി 2008ലെ പഴയൊരു സംഭവം വീണ്ടും കുത്തിപ്പൊക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിച്ചു. നിങ്ങൾ മനുഷ്യരല്ല. ഹർഭജനും ശ്രീശാന്തും ഇക്കാലത്തിനിടയിൽ വളരെയധികം മാറി. അവർ ഇപ്പോൾ കുട്ടികളുള്ള അച്ഛന്മാരാണ്. എന്നിട്ടും നിങ്ങൾ അവരെ പഴയ ആ മുറിവുള്ള ഓർമകളിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു. അത് തികച്ചും വെറുപ്പുളവാക്കുന്നതും, ഹൃദയശൂന്യവും, മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ്," ഭുവനേശ്വരി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഗുജറാത്ത് സ്വദേശിയായ ലളിത് കുമാർ മോഡി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യത്തെ ചെയർമാനും കമ്മിഷണറുമായിരുന്നു. മുൻ ബിസിസിഐ വൈസ് പ്രസിഡൻ്റായ ലളിത് മോഡി എൻ്റർപ്രൈസസ് എന്ന വ്യവസായ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമാണ്.