ചെന്നൈ: ഐപിഎൽ 2026 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിൽ നിർണായക മാറ്റങ്ങൾ വരാൻ സാധ്യത. നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്റെ ബാറ്റിങ്ങും നായകത്വവും കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുന്ന സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസൺ അടുത്ത സീസണിൽ ടീമിന്റെ നായകസ്ഥാനത്തേക്ക് വരണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി നിർദ്ദേശിച്ചു.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെയാണ് തിവാരി പ്രതികരണവുമായി രംഗത്തെത്തിയത്. തുടർച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫിലെത്താതെ സിഎസ്കെ പുറത്താകുമെന്ന ആശങ്ക നിലനിൽക്കെയാണ് ടീമിലെ നായകമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്. റൺസ് കണ്ടെത്തുന്നതിലെ റുതുരാജിന്റെ പരാജയം അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തിവാരി ചൂണ്ടിക്കാട്ടി.
നായകനെന്ന നിലയിലുള്ള സമ്മർദ്ദം താരത്തിന്റെ ബാറ്റിങ്ങിനെയും പിന്നോട്ടടിക്കുന്നുണ്ട്. ഈ സീസണിൽ ഇതുവരെ 13 മത്സരത്തിൽ നിന്ന് 29.18 ആവറേജിൽ 321 റൺസ് മാത്രം നേടാനാണ് റുതുരാജിന് കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് അടുത്ത സീസണിൽ സഞ്ജു നായകനായി വരണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ട് വെച്ചത്.
എം.എസ് ധോണിക്ക് പകരക്കാരനാകുമെന്ന പ്രതീക്ഷയോടെ ചെന്നൈയുടെ നായകസ്ഥാനത്തിലേക്കെത്തിയ റുതുരാജിന് ഇതുവരെ കാര്യമായ നേട്ടങ്ങൾ ടീമിന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻപ് രാജസ്ഥാൻ റോയൽസിനെ ഐപിഎല്ലിൽ നയിച്ച് പരിചയമുള്ള സഞ്ജു തന്റെ നായകമികവും ബാറ്റ്സ്മാൻ എന്ന നിലയിലുള്ള പെർഫോമൻസും ഒരേപോലെ തെളിയിച്ചിട്ടുള്ളതാണ്. ആ പരിചയസമ്പത്ത് ചെന്നൈക്ക് മുതൽക്കൂട്ടാകും എന്നാണ് വിലയിരുത്തൽ.