ചെന്നൈ: ഇതിഹാസത്തെ ഇനി മഞ്ഞക്കുപ്പായത്തിലും കാണാനാകില്ല. മഹേന്ദ്ര സിങ് ധോണി ഇനി സിഎസ്കെയുടെ അണിയറയിലേക്ക്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയഹാരിയായ കഥക്ക് മനോഹരമായ അന്ത്യം. രണ്ടായിരത്തിയെട്ടിൽ സിഎസ്കെയുടെ ആദ്യ സൈനിങ്ങായി ധോണി വരുന്നതുതൊട്ട്, ചെന്നൈ കളിച്ച എല്ലാ സീസണിലും കൂടെയുണ്ടായിരുന്ന ഏകതാരം. നായകനായും കളിക്കാരനായും ധോണി വളരുന്നത് ചെന്നൈയുടെ കൂടി കൈപിടിച്ചാണ്. അഞ്ച് കിരീട വിജയങ്ങൾ, ഐപിഎല്ലിന്റെ അപോസ്തലന്മാരായി ചെന്നൈയെ മുംബൈക്കൊപ്പം അവരോധിച്ച നായകമികവ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും മഞ്ഞക്കുപ്പായത്തിൽ തുടർന്നും ധോണി ബാറ്റ് വീശിയിരുന്നു.
“എം.എസ്. ധോണിയില്ലാതെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (CSK) സങ്കൽപ്പിക്കാനാവില്ല. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, വിജയങ്ങളിലും തിരിച്ചടികളിലും അതിനിടയിലെ ഓരോ നിമിഷങ്ങളിലും ഞങ്ങൾ പരസ്പരം കൈകോർത്ത് മുന്നേറുകയും വളരുകയും ചെയ്തു. ഈ യാത്രയിൽ ഞങ്ങൾ തമ്മിലുള്ള ബന്ധം ഇത്രത്തോളം ദൃഢമായി നിലനിൽക്കുന്നതിന് ഒരേയൊരു കാരണമേയുള്ളൂ; ഉദ്ദേശശുദ്ധിയെ ഞങ്ങൾ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. ആ വിശ്വാസമാണ് ഈ യാത്രയെ ഇത്രത്തോളം മനോഹരവും സുദൃഢവുമാക്കിയത്.” എം.എസ്. ധോണി ചെന്നൈ സൂപ്പർ കിംഗ്‌സ് ഫ്രാഞ്ചൈസിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് വ്യക്തമാക്കിക്കൊണ്ട് ടീം ഉടമ എൻ.ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണിവ.
കളിക്കാരനിൽനിന്ന് ഉപദേഷ്ടാവിലേക്ക്, കളിക്കളത്തിൽനിന്ന് അണിയറയിലേക്ക്. ധോണിയുടെ വേഷപ്പകർച്ച കേവലം സ്ഥാനമാറ്റമല്ല; താൻ കെട്ടിപ്പടുത്ത ടീമിന്റെ ഭാവി സുരക്ഷിതമായ കൈകളിലെത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം കൂടിയാണ്. ഋതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ഉൾപ്പെടുന്ന പുതിയ തലമുറയെ വിശ്വസിച്ചേൽപ്പിച്ചാണ് ധോണിയുടെ ഈ പിന്മാറ്റം. മൈതാനത്ത് ഇനി പഴയപോലെ സജീവമല്ലെങ്കിലും ചെന്നൈയുടെ തീരുമാനങ്ങളിലും ദിശാബോധത്തിലും ധോണിയുടെ സാന്നിധ്യം തുടരും.