Source: X/ BCCI
CRICKET

ഇന്ത്യ-പാക് ഹസ്തദാന വിവാദത്തിനിടെ പതിവ് രീതി തെറ്റിച്ച് ഗംഭീർ; പിന്നീട് നടന്നത് ഇതാണ്, വീഡിയോ വൈറൽ

ആദ്യ രണ്ട് മത്സരങ്ങളിലും പാക് താരങ്ങളോടും മാനേജ്മെൻ്റ് പ്രതിനിധികളോടും ഇന്ത്യൻ താരങ്ങൾ സൗഹൃദപരമായ മനോഭാവമല്ല പുലർത്തിയത്.

Author : ന്യൂസ് ഡെസ്ക്

ദുബായ്: ഇന്ത്യ-പാക് എഷ്യ കപ്പ് മത്സരങ്ങളിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു ടീം ഇന്ത്യയുടെ ഹസ്തദാനം നിഷേധിക്കൽ രീതി. പഹൽഗാം ഭീകരാക്രമണത്തിലുള്ള പ്രതിഷേധ സൂചകമായി ആദ്യ രണ്ട് മത്സരങ്ങളിലും പാക് താരങ്ങളോടും മാനേജ്മെൻ്റ് പ്രതിനിധികളോടും ഇന്ത്യൻ താരങ്ങൾ സൗഹൃദപരമായ മനോഭാവമല്ല പുലർത്തിയത്.

ടോസ് വേളയിലും മത്സര ശേഷവും സൽമാൻ അലി ആഗയേയും കൂട്ടരേയും അവഗണിക്കുന്ന സമീപനമാണ് ഇന്ത്യ പുലർത്തിയത്. ഇന്ത്യ-പാക് മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന് രാജ്യമെമ്പാടും ഉയരുന്ന മുറവിളികൾക്ക് ഇടയിലാണ് ബിസിസിഐയുടെയും കോച്ച് ഗൗതം ഗംഭീറിൻ്റെയും നേതൃത്വത്തിൽ ഇത്തരമൊരു സമീപനം രൂപപ്പെടുത്തിയത്. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യൻ ടീമംഗങ്ങൾ ഡ്രസിങ് റൂമിൽ കയറി വാതിലടച്ച് ഇരിക്കുകയാണ് ചെയ്തത്.

എന്നാൽ, ഇന്നലെ നടന്ന എഷ്യ കപ്പ് സൂപ്പർ ഫോറിലെ മത്സരത്തിൽ പതിവ് രീതി തെറ്റിക്കുന്ന ഗംഭീറിൻ്റെ നടപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മത്സര ശേഷം ഗ്രൗണ്ടിലേക്ക് ഇറങ്ങി വരാനാണ് കോച്ച് ഇന്ത്യൻ താരങ്ങളോട് പറഞ്ഞത്. മത്സരം നിയന്ത്രിച്ച മാച്ച് ഒഫീഷ്യലുകൾക്ക് ഹസ്തദാനം നൽകാനാണ് കോച്ച് ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് നിർദേശം നൽകിയത്.

ഗംഭീറിൻ്റെ നിർദേശം അനുസരിച്ച് ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലിറങ്ങി. എന്നാൽ പതിവ് പോലെ തന്നെ പാക് താരങ്ങളെ അവഗണിച്ച് മാച്ച് ഒഫീഷ്യലുകൾക്ക് മാത്രം ഷേക്ക് ഹാൻഡ് നൽകി. ഏറെ സമയം ഗ്രൗണ്ടിൽ സമയം ചെലവഴിച്ചാണ് ഇന്ത്യൻ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

SCROLL FOR NEXT