
ദുബായ്: ഏഷ്യ കപ്പിലെ നിർണായകമായ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ ഫോർ മാച്ചിൽ ഇന്ത്യക്കെതിരെ അർധസെഞ്ച്വറി നേടിയ പാക് താരത്തിൻ്റെ സെലിബ്രേഷനെ ചൊല്ലി വിവാദം. അർധ സെഞ്ച്വറി തികച്ചതിന് പിന്നാലെ സാഹിബ്സാദ ഫർഹാൻ ഗ്യാലറിയിലേക്ക് നോക്കി ബാറ്റ് മെഷീൻ ഗൺ പോലെ പിടിച്ച് മൂന്ന് വട്ടം വെടിയുതിർത്ത താരത്തിൻ്റെ സെലിബ്രേഷൻ ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ 26 ഇന്ത്യക്കാരെ പാകിസ്ഥാനി ബന്ധമുള്ള ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഉടലെടുത്ത ഇന്ത്യ-പാക് ഏറ്റുമുട്ടലിനെ സൂചിപ്പിച്ചാണ് ഈ സെലിബ്രേഷൻ എന്നാണ് ഇന്ത്യൻ ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഒരിക്കൽ ഭീകരനായാൽ പിന്നീട് എല്ലായ്പ്പോഴും അങ്ങനെ തന്നെയാകുമെന്നാണ് ഒരു ഇന്ത്യൻ ആരാധകർ എക്സിൽ കുറിച്ചത്. പാക് താരങ്ങൾ ഇന്ത്യൻ ഡഗ് ഔട്ടിന് നേരെയാണ് ഈ വെടിവയ്പ് നടത്തിയതെന്നും ഇത് പഹൽഗാമിലെ ഇരകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മോദിജിയെ അപമാനിക്കുന്നതാണെന്നും ഇന്ത്യൻ ആരാധകർ ചൂണ്ടിക്കാട്ടി.
ജസ്റ്റ് ടെററിസ്റ്റ് തിങ്സ്, കുറച്ചുനേരം കാത്തിരുന്നാൽ സൂര്യയുടെ മിസൈൽ ലോഞ്ചർ കാണാം, രക്തത്തിൽ ഭീകരവാദം കലർന്നവർക്ക് ഇതൊക്കെ അങ്ങനെ തന്നെയായിരിക്കും... എന്നിങ്ങനെയാണ് ഇന്ത്യൻ ആരാധകർ ഇതിനെതിരെ പ്രതികരിച്ചത്.