CRICKET

അണ്ടർ 19 ഏഷ്യാ കപ്പ്: സെഞ്ച്വറിക്കരുത്തിൽ ഇന്ത്യയെ വിറപ്പിച്ച് ഹംസ സഹൂർ, ത്രില്ലർ പോരിൽ പാകിസ്ഥാന് ജയം

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ ലക്ഷ്യ രാജേഷ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

അൽ അമേരത്ത്: ഒമാനിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിൽ ത്രില്ലർ പോരിൽ പാകിസ്ഥാന് തകർപ്പൻ ജയം. ആവേശകരമായ പോരാട്ടത്തിൽ കരുത്തരായ എതിരാളികളായ ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് പാക് യുവനിര തോൽപ്പിച്ചത്. ഓൾറൗണ്ട് മികവിലാണ് പാകിസ്ഥാൻ ഇന്ത്യയെ ഞെട്ടിച്ചത്. സെഞ്ച്വറി നേടിയ ഹംസ സഹൂറിൻ്റെ (108 പന്തിൽ 100) പ്രകടനമാണ് ചിരവൈരികൾക്ക് മേൽ തകർപ്പൻ ജയം നേടാൻ പാകിസ്ഥാന് തുണയായത്.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ ലക്ഷ്യ രാജേഷ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ടോപ് ഓർഡർ ബാറ്റിങ് നിരയ്ക്കും പിന്നാലെ വാലറ്റവും ബാറ്റിങ്ങിൻ്റെ അടിസ്ഥാന പാഠങ്ങൾ മറന്നതോടെ പാക് ബൗളർമാർ കളിയിൽ പിടിമുറുക്കി. സെഞ്ച്വറി നേടിയ അർജുൻ രജ്‌പുത് (85 പന്തിൽ 107) മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്.

അഞ്ചാം വിക്കറ്റിൽ അന്വയ് ഡേവിഡിനൊപ്പം 44 റൺസിൻ്റേയും ആറാം വിക്കറ്റിൽ മനൽ ചൗഹാനുമൊപ്പം 64 റൺസിൻ്റേയും കൂട്ടുകെട്ടുയർത്തിയ അർജുൻ്റെ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഒടുവിൽ 46.3 ഓവറിൽ 208 റൺസിൽ ഇന്ത്യ ഓൾഔട്ടായി. പാക് ബൗളർമാരിൽ അലി റാസ, റിസ്‌വാനുള്ള, നിഖാബ് ഷഫീഖ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ പിഴുതെടുത്തു.

മറുപടി ബാറ്റിങ്ങിൽ 11 പന്ത് ശേഷിക്കെ പാകിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഹംസ സഹൂറിൻ്റെ സെഞ്ച്വറി പ്രകടനമാണ് പാകിസ്ഥാന് ജയം സമ്മാനിച്ചത്. ഹസ്നെയ്ൻ അബ്ബാസ് ധർ 38 റൺസുമായി ഉറച്ച പിന്തുണയേകി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 107 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യൻ ബൗളർമാരിൽ മനൽ ചൗഹാൻ മൂന്നും മോഹിത് ഉൽവ രണ്ടും വിക്കറ്റ് വീഴ്ത്തി.

SCROLL FOR NEXT