കൊൽക്കത്ത: ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐയുടെ കടുത്ത അച്ചടക്ക നടപടി. മത്സരത്തിനിടെ ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു ഹാർദിക്കിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തുകയും ഒരു ഡിമെറിറ്റ് പോയിന്റ് നൽകുകയും ചെയ്തു. ലെവൽ 1 ഗണത്തിൽപ്പെടുന്ന ചട്ടലംഘനമാണ് ഹർദിക് നടത്തിയത്.
കൊൽക്കത്ത ഇന്നിങ്സിന്റെ 10-ാം ഓവറിലായിരുന്നു വിവാദ സംഭവമുണ്ടായത്. ബൗളിംഗ് റണ്ണപ്പിലേക്ക് പോകുമ്പോൾ കനത്ത നിരാശയിലായിരുന്ന ഹാർദിക് ബെയിൽസ് കൈകൊണ്ട് തട്ടി തെറിപ്പിക്കുകയായിരുന്നു. ക്രിക്കറ്റ് ഉപകരണങ്ങളോ ഗ്രൗണ്ടിലെ മറ്റു സമഗ്രകിൾക്കോ കേടുപാടുകൾ വരുത്തുന്നതിനെതിരെയുള്ള ഐപിഎൽ പെരുമാറ്റ ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് താരത്തിനെതിരെ നടപടിയെടുത്തത്.മാച്ച് റഫറി രാജീവ് സേത്ത് വിധിച്ച ശിക്ഷ ഹാർദിക് അംഗീകരിച്ചിട്ടുണ്ട്.
ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ മുംബൈയെ 4 വിക്കറ്റിന് തകർത്താണ് കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. മുംബൈ ഉയർത്തിയ 148 എന്ന ലക്ഷ്യത്തെ 7 പന്തുകൾ ബാക്കി നിൽക്കെയാണ് കൊൽക്കത്ത മറികടന്നത്.
മത്സരത്തിന് ശേഷം ടീമിന്റെ ബാറ്റിങ്ങിലും ഫീൽഡിങ്ങിലുമുള്ള പിഴവുകളെ ഹാർദിക് രൂക്ഷമായി വിമർശിച്ചു.
"ബാറ്റിങ്ങിൽ ഞങ്ങൾ 20 റൺസെങ്കിലും കുറവായിരുന്നു. പവർപ്ലേയിൽതന്നെ ഒരുപാട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. എങ്കിലും ഞാനും തിലകും കുറച്ചു കൂടെ സമയം ക്രീസിൽ നിന്നിരുന്നെങ്കിൽ മാന്യമായ ഒരു സ്കോറിലേക്ക് എത്താമായിരുന്നു. ഈ പിച്ചിൽ ബൗളേഴ്‌സിന് കാര്യമായി ചെയ്യാനുണ്ടായിരുന്നു. ഈ സീസണിലുടനീളം ഞങ്ങളുടെ ഫീൽഡിങ് വളരെ മോശമായിരുന്നു.ഒരുപാട് ക്യാച്ചുകൾ വിട്ടു കളഞ്ഞു. മത്സരങ്ങൾ ജയിക്കണമെങ്കിൽ പകുതി അവസരങ്ങളെങ്കിലും നമ്മൾ കൈപ്പിടിയിൽ ഒതുക്കണം." ഹാർദിക് പറഞ്ഞു.
തോൽവികൾക്കിടയിലും വരാനിരിക്കുന്ന അവസാന മത്സരത്തെ പോസിറ്റീവായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഹാർദിക് വ്യക്തമാക്കി. രാജസ്ഥാൻ റോയൽസിനെതിരായ മുംബൈയുടെ അടുത്ത മത്സരം കുട്ടികൾക്കായുള്ള പ്രത്യേക മത്സരം (എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ഫോർ ഓൾ- ഇഎസ്എ) ആണ്.
" സീസൺ നല്ല രീതിയിൽ അവസാനിപ്പിക്കാനാണ് ഞങ്ങൾക്ക് ആഗ്രഹം. അതുകൊണ്ട് അടുത്തത് കുട്ടികൾക്കായുള്ള ഇഎസ്എ മത്സരമാണ്. സ്റ്റേഡിയത്തിലേക്ക് എത്തുന്ന ആ 25,000 കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനും ,അവരെ പരമാവധി സന്തോഷിപ്പിക്കാനും ഞങ്ങൾക്ക് സാധിക്കണം. അത് അവർക്ക് ജീവിതകാലം മൊത്തം ഓർത്തുവെക്കാവുന്നൊരു കാര്യമാകും."ഹാർദിക്കിന്റെ വാക്കുകൾ.