courtesy|X
CRICKET

ഹിറ്റ്മാൻ ഈസ് ബാക്ക്: മുംബൈയെ നയിക്കാൻ വീണ്ടും 'നമ്പർ 45'!

2013 മുതൽ 2020 വരെയുള്ള കാലയളവിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ മുംബൈയ്ക്ക് സമ്മാനിച്ച നായകനാണ് രോഹിത് ശർമ്മ

Author : ന്യൂസ് ഡെസ്ക്

മുംബൈ: 2027 ഐപിഎൽ സീസണിന് മുന്നോടിയായി രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് വീണ്ടും നായകനായി നിയമിച്ചു. 2024 സീസണിന് മുമ്പ് നായകസ്ഥാനം ഹാർദിക് പാണ്ഡ്യക്ക് കൈമാറി മൂന്ന് വർഷത്തിന് ശേഷമാണ് രോഹിത്തിന്റെ ഈ മടങ്ങിവരവ്. നിലവിലെ ക്യാപ്റ്റനായിരുന്ന ഹാർദിക് പഞ്ചാബ് കിംഗ്സിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് ഫ്രാഞ്ചൈസി തങ്ങളുടെ എക്കാലത്തെയും മികച്ച നായകനെ തന്നെ വീണ്ടും ടീമിന്റെ ചുക്കാൻ ഏല്പിച്ചത്.

ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിനെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഹാർദിക് പാണ്ഡ്യയെ മുംബൈ പഞ്ചാബ് കിംഗ്സിലേക്ക് കൈമാറിയത്. രോഹിത്തിന്റെ പ്രശസ്തമായ ജേഴ്സി നമ്പർ '45'-നെ അനുസ്മരിപ്പിക്കുന്ന വിധം വൈകിട്ട് 5:45- നായിരുന്നു പ്രഖ്യാപനവുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടന്നത്. ഈ സുപ്രധാന ട്രേഡും ക്യാപ്റ്റൻസി മാറ്റവും മുംബൈ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണുകളിൽ കിരീടം നേടാനാകാത്തതും ടീമിന്റെ പ്രകടനത്തിലെ ഇടിവുമാണ് നേതൃത്വത്തിൽ മാറ്റം വരുത്താൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നെങ്കിലും സൂര്യകുമാറിന് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തിലക് വർമയ്ക്ക് കൂടുതൽ സമയം നൽകാനുമാണ് രോഹിത്തിനെ വീണ്ടും തിരഞ്ഞെടുത്തത്. 2013 മുതൽ 2020 വരെയുള്ള കാലയളവിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ മുംബൈയ്ക്ക് സമ്മാനിച്ച രോഹിത്തിന്റെ പരിചയസമ്പത്തിലാണ് ടീമിന്റെ പ്രതീക്ഷ.

മുഖ്യ പരിശീലകനായി കീറോൺ പൊള്ളാർഡ് എത്തുന്ന, പുതിയ സപ്പോർട്ട് സ്റ്റാഫിനൊപ്പമാണ് മുംബൈ ഇന്ത്യൻസ് 2027 സീസണിനായി ഒരുങ്ങുന്നത്. ഡിസംബർ 16 ന് ഗോവയിൽ നടക്കുന്ന താരലേലത്തിന് മുന്നോടിയായി 16 താരങ്ങളെ ഫ്രാഞ്ചൈസി നിലനിർത്തിയിട്ടുണ്ട്. 32.60 കോടി രൂപയുടെ ലേല തുകയുമായി ശക്തമായ ഒരു നിരയെ വാർത്തെടുത്ത് ആറാം കിരീടം നേടുകയാണ് രോഹിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഒരിക്കൽകൂടി മുംബൈക്ക് കിരീടം സമ്മാനിക്കാൻ കഴിഞ്ഞാൽ രോഹിത് ശർമ്മയുടെ കരിയറിന് സ്വപ്നതുല്യമായ അവസാനമാകും.

SCROLL FOR NEXT