CRICKET

"മത്സരത്തില്‍ ഹനുമാന്‍ ടാറ്റൂ എങ്ങനെ സഹായിച്ചു?" ദീപ്തി ശര്‍മയോട് പ്രധാനമന്ത്രിയുടെ ചോദ്യം

വിഷയങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രിയുടെ രീതി തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ദീപ്തി ശർമ

Author : ന്യൂസ് ഡെസ്ക്

ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ ദിവസമാണ്. ബുധനാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ടീമിലെ ഓരോ അംഗങ്ങളുമായി പ്രധാനമന്ത്രി സംസാരിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ക്രിക്കറ്റ് താരം ദീപ്തി ശര്‍മ പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ വാര്‍ത്തയാകുകയാണ്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ തനിക്ക് വളരെയധികം പ്രചോദനം നല്‍കുന്നതാണെന്ന് യുപിയില്‍ നിന്നുള്ള ദീപ്തി ശര്‍മ പറയുന്നത്.

2017 ല്‍ അദ്ദേഹത്തെ നേരിട്ടു കണ്ടിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇന്നും ഓര്‍മയുണ്ട്. പരാജയങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു പ്ലേയര്‍ മുന്നോട്ടു പോകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കഠിനാധ്വാനം ചെയ്ത് കൊണ്ടിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് തന്നെയാണ് ഞങ്ങള്‍ ചെയ്തതും. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും ദീപ്തി ശര്‍മ പറഞ്ഞു.

വിഷയങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രിയുടെ രീതി തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് താരം പറഞ്ഞു. ദീപ്തിയുടെ കയ്യിലെ ഹനുമാന്‍ ടാറ്റുവിനെ കുറിച്ചും പ്രധാനമന്ത്രി ചോദിച്ചു. ഹനുമാന്‍ ടാറ്റു എങ്ങനെയാണ് സഹായിച്ചത് എന്നായിരുന്നു മോദിയുടെ ചോദ്യം.

തന്നേക്കാള്‍ ഹനുമാനില്‍ വിശ്വസിക്കുന്നുവെന്നായിരുന്നു ദീപ്തിയുടെ മറുപടി. സ്വയം മെച്ചപ്പെടുന്നതില്‍ ഇത് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും താരം മറുപടി പറഞ്ഞു.

ലോകകപ്പിലെ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയിരുന്നു ദീപ്തി ശര്‍മ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ദീപ്തിയുടെ പ്രകടനവും നിര്‍ണായകമായിരുന്നു. 58 പന്തില്‍ 58 റണ്‍സ് ദീപ്തി നേടിയിരുന്നു. ഷഫാലി വര്‍മ്മയുടെയും ദീപ്തി ശര്‍മ്മയുടെയും അര്‍ധ സെഞ്ച്വറികള്‍ ഇന്ത്യയെ 298/7 എന്ന മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചു. ബൗളിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ വിക്കറ്റ് അടക്കം 9.3 ഓവറില്‍ 39 റണ്‍സ് വഴങ്ങി 5 വിക്കറ്റുകളും താരം നേടിയിരുന്നു.

ലോകകപ്പ് ഫൈനലില്‍ ഒരു അര്‍ധ സെഞ്ച്വറിയും 5 വിക്കറ്റും നേടുന്ന ആദ്യ വനിതാ താരമാണ് ദീപ്തി. പുരുഷ ക്രിക്കറ്റില്‍ യുവരാജ് സിംഗ് മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

SCROLL FOR NEXT