Source: X
CRICKET

ബംഗ്ലാദേശ് 'ഔട്ട്', സ്കോട്‌ലൻഡ് 'ഇൻ'; ട്വൻ്റി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി

ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാട് ബംഗ്ലാദേശ് തുടർന്നതോടെയാണ് തീരുമാനം

Author : വിന്നി പ്രകാശ്

ബംഗ്ലാദേശിനെ ട്വൻ്റി20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി. ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാട് ബംഗ്ലാദേശ് തുടർന്നതോടെയാണ് തീരുമാനം.ബംഗ്ലാദേശിന് പകരം സ്കോട്‌ലൻഡിന് ലോകകപ്പ് കളിക്കാൻ അവസരം നൽകി.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നടക്കേണ്ട മത്സരം ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി ആവശ്യപ്പെട്ടിരുന്നു. ഈ വാദം തള്ളിയ ഐസിസി വേദി മാറ്റാനാവില്ലെന്ന് ബംഗ്ലാദേശിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ടീമിനെ ഇന്ത്യയിലേക്ക് അയക്കാനാവില്ലെന്ന് ബിസിബി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ട്വൻ്റി20 ലോകകപ്പിൽ നിന്നും ഒഴിവാക്കുവാനുള്ള ഐസിസിയുടെ തീരുമാനം. തീരുമാനം പുനപരിശോധിക്കാൻ ഐസിസി ടീമിന് 24 മണിക്കൂർ സമയം അനുവദിച്ചിരുന്നുവെങ്കിലും വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് കത്തയക്കുകയാണ് ബിസിബി ചെയ്തത്.

ഐസിസി ബോർഡിന് സിഇഒ സഞ്ജോഗ് ഗുപ്ത് അയച്ച കത്തിൽ ഐസിസി നയങ്ങളോടും ബോർഡ് തീരുമാനങ്ങളോടും ബിസിബി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കത്തിൻ്റെ പകർപ്പ് ബിസിബി പ്രസിഡൻ്റ് അമിനുൾ ഇസ്ലാമിനും കൈമാറിയിട്ടുണ്ട്.

സ്കോട്‌ലൻഡിൻ്റെ സ്ഥിരതയുള്ള പ്രകടനവും നിലവിലെ റാങ്കിംഗും പരിഗണിച്ചാണ് ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായുള്ള ഔദ്യോഗിക ക്ഷണവും ഐസിസി കൈമാറിയിട്ടുണ്ട്. ഇതോടെ സ്കോട്‌ലൻഡ് ഗ്രൂപ്പ് സിയിൽ ഇടം പിടിക്കും.

SCROLL FOR NEXT