CRICKET

ടി20 ലോകകപ്പിലെ പങ്കാളിത്തം: ബംഗ്ലാദേശിന് ഐസിസിയുടെ അന്ത്യശാസനം

ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസി 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ (ബിസിബി) അഭ്യർഥന നിരസിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബംഗ്ലാദേശ് ഇന്ത്യയിലേക്ക് യാത്ര ചെയ്തില്ലെങ്കിൽ അവർക്ക് പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്നാണ് ഐസിസിയുടെ അന്ത്യശാസനം.

നിലവിലെ ഷെഡ്യൂൾ പ്രകാരം തന്നെ മുന്നോട്ട് പോകാനാണ് ഐസിസിയുടെ തീരുമാനം. ഇതോടെ ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കാനിരിക്കുന്ന ടൂർണമെൻ്റ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഇന്ത്യയിൽ നടക്കും. ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസി 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്.

16 അംഗ ഐസിസി ബോർഡിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് അംഗങ്ങൾ ഒഴികെ മറ്റെല്ലാവരും ഷെഡ്യൂൾ മാറ്റുന്നതിനെ എതിർക്കുകയായിരുന്നു. ബംഗ്ലാദേശ് പിന്മാറുകയാണെങ്കിൽ ഐസിസി റാങ്കിങ്ങിൽ മുന്നിലുള്ള സ്കോട്ട്‌ലൻഡ് പകരം ടൂർണമെൻ്റിൽ കളിക്കും. ഇന്ത്യയിൽ കളിക്കാൻ തയ്യാറായില്ലെങ്കിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ പരിഗണിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ ഐസിസി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബംഗ്ലാദേശി സ്റ്റാർ പേസറെ പുറത്താക്കാനുള്ള നീക്കം ഇന്ത്യൻ ബോർഡിൻ്റെ തീരുമാനം ധാക്കയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബംഗ്ലാദേശി സൂപ്പർതാരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ നടപടി യുക്തിസഹമല്ലെന്നും അത്തരമൊരു തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ ദുഃഖിപ്പിച്ചെന്നും ബംഗ്ലാദേശ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയും (ഫെബ്രുവരി 7), കൊൽക്കത്തയിൽ ഇറ്റലിക്കെതിരെയും (ഫെബ്രുവരി 9), കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെയും (ഫെബ്രുവരി 14), മുംബൈയിൽ നേപ്പാളിനെതിരെയും (ഫെബ്രുവരി 17) ആണ് ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ നടക്കേണ്ടത്.

ബംഗ്ലാദേശ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാനെതിരെ ആക്രമണവുമായി ബിജെപിയും ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ഒഴിവാക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്.

SCROLL FOR NEXT