ദുബായ്: ഏഷ്യ കപ്പിൻ്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരസിച്ചു. ഐസിസി ജനറൽ മാനേജർ വസീം ഖാന് പിസിബി അയച്ച കത്തിനുള്ള മറുപടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം തള്ളുന്നുവെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.
ഇന്ത്യ-പാകിസ്ഥാൻ എഷ്യ കപ്പ് മത്സരത്തിൻ്റെ ടോസ് സമയത്തിന് മുന്നോടിയായി പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് മാച്ച് റഫറി പൈക്രോഫ്റ്റ് ഒരു ആവശ്യം ഉന്നയിച്ചിരുന്നു. ടോസിന് ശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനടുത്തേക്ക് ചെല്ലരുതെന്നും ഹസ്തദാനം നൽകാൻ ശ്രമിക്കരുതെന്നുമായിരുന്നു ഇത്. മത്സരത്തിന് മുമ്പ് രണ്ട് ക്യാപ്റ്റൻമാരും തമ്മിൽ ടീം ഷീറ്റുകൾ കൈമാറുന്ന പതിവ് രീതി പാടില്ലെന്നും പൈക്രോഫ്റ്റ് ഉപദേശിച്ചതായി പാകിസ്ഥാൻ ടീം മാനേജർ നവേദ് ചീമയും എസിസിയിൽ പരാതി നൽകിയിട്ടുണ്ട്.
ഈ സംഭവം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെയും താരങ്ങളുടെയും സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലായ്മയെ ആണ് സൂചിപ്പിക്കുന്നതെന്നും, സൽമാൻ അലിയോട് ഹസ്തദാനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട മാച്ച് റഫറിയെ എഷ്യ കപ്പിൽ നിന്നും തുടർന്നും പങ്കെടുപ്പിക്കരുതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആഞ്ഞടിച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡൻ്റ് കൂടിയായ പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിയാണ് ഈ ആവശ്യം ഉന്നയിച്ച് ഐസിസിക്ക് കത്തയച്ചത്. നടപടിയെടുത്തില്ലെങ്കിൽ യുഎഇയ്ക്ക് എതിരായ മത്സരം ബഹിഷ്ക്കരിക്കുമെന്നാണ് പാകിസ്ഥാൻ്റെ ഭീഷണി. തുടർന്നുള്ള ടൂർണമെൻ്റിൽ അവർ മത്സരിക്കുമോയെന്നും വ്യക്തമല്ല. 17ന് യുഎഇക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്ക്കരിച്ചാൽ അവർ ടൂർണമെൻ്റിൽ നിന്നും പുറത്താകും. അതേസമയം, തീരുമാനത്തിൽ നിന്ന് പിന്മാറി ഈ മത്സരം കളിച്ച് ജയിച്ചാൽ, ഞായറാഴ്ചത്തെ സൂപ്പർ ഫോർ പോരാട്ടത്തിൽ വീണ്ടും ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കും.
അതേസമയം, ഏഷ്യാ കപ്പിൽ ഇന്ത്യയോട് ഏഴ് വിക്കറ്റിന് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കീഴിലുള്ള ഇൻ്റർനാഷണൽ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ ഉസ്മാൻ വഹ്‌ലയെ സസ്‌പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്. ഹസ്തദാനം വിവാദത്തിൽ യഥാസമയം ഇടപെടുന്നതിലും നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൊഹ്‌സിൻ നഖ്‌വിയുടെ നേതൃത്വത്തിലുള്ള ബോർഡ് വഹ്‌ലയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പിസിബി തലവൻ നയിക്കുന്ന എഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്നുള്ള ആരോ ആണ് മാച്ച് റഫറി പൈക്രോഫ്റ്റിനോട് താരങ്ങളുടെ ഹസ്തദാനം പാടില്ലെന്ന് നിർദേശിച്ചതെന്നും റിപ്പോർട്ടുണ്ട്. സംഘാടക സമിതിയുമായി കൂടിയാലോചിച്ച് ഉദ്യോഗസ്ഥരെ നിയമിച്ചാൽ ഐസിസിയുടെ ജോലി അവസാനിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
"ഐസിസിക്ക് ഇതുമായി എന്ത് ബന്ധമുണ്ട്? ഉദ്യോഗസ്ഥരെ നിയമിക്കുന്നതോടെ അവരുടെ റോൾ അവസാനിക്കും. എസിസിയിൽ നിന്നുള്ള ഒരാൾ മത്സരത്തിന് മുമ്പ് പൈക്രോഫ്റ്റുമായി ഒരു സംഭാഷണം നടത്തിയിരുന്നു. ആ സംഭാഷണത്തിൻ്റെ ഫലമാണ് ടോസ് സമയത്ത് കാണാനായത്. ഐസിസിക്ക് നേരെ വിരൽ ചൂണ്ടി ആരോപണങ്ങളിലൂടെ തീപടർത്താൻ ശ്രമിക്കുന്നതിന് പകരം, ആ സംഭാഷണം എന്താണെന്നും, ആരാണ് അങ്ങനെ ചെയ്തതെന്നും എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും കണ്ടെത്തേണ്ട സമയമാണിത്," ബിസിസിഐ വൃത്തങ്ങളിലൊരാൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.