
എഷ്യ കപ്പിൽ പാകിസ്ഥാനെ സമസ്ഥ മേഖലകളിലും പിന്തള്ളി സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവതുർക്കികൾ. മത്സരത്തിൽ ടോസ് നേടിയത് മാത്രമാണ് പാകിസ്ഥാനെ സംബന്ധിച്ചുള്ള ഏക ആശ്വാസം. എന്നാൽ ആദ്യം ബാറ്റ് ചെയ്യാനുള്ള പാക് നായകൻ സൽമാൻ അലി ആഗയുടെ തീരുമാനം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പിഴയ്ക്കുന്നതാണ് കണ്ടത്.
സൂര്യകുമാർ യാദവിൻ്റെ ക്യാപ്ടൻസി മികവിനാണ് ആദ്യം കൈയ്യടി നൽകേണ്ടത്. ആദ്യ ഓവറിൽ മീഡിയം പേസർ ഹാർദിക് പാണ്ഡ്യയെ പന്തെറിയാനേൽപ്പിച്ച തീരുമാനമാണ് മത്സരഗതിയെ നിയന്ത്രിച്ചത്. ആദ്യ പന്ത് ലെഗ് സൈഡിൽ വൈഡ് എറിഞ്ഞ പാണ്ഡ്യ തൊട്ടടുത്ത പന്തിൽ സയീം അയൂബിനെ സ്ക്വയറിൽ ബുംറയുടെ കൈകളിലെത്തിച്ചാണ് പാകിസ്ഥാൻ്റെ ആദ്യ രക്തം ചിന്തിയത്.
പിന്നീടങ്ങോട്ടേക്ക് നിശ്ചിത ഇടവേളകളിലെല്ലാം പാകിസ്ഥാൻ്റെ ആഘാതം വർധിപ്പിച്ച് ഇന്ത്യൻ ബൗളർമാർ തുടരെ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടേയിരുന്നു. നാല് സ്പിന്നർമാരെയും രണ്ട് പേസർമാരെയും കൊണ്ടാണ് ഇന്ത്യ പാകിസ്ഥാൻ ബാറ്റർമാരെ നേരിട്ടത്. അതിൽ എല്ലാവരും റൺസ് വിട്ടുനൽകാൻ പരമാവധി പിശുക്ക് കാണിച്ചുവെന്നതാണ് മത്സരഗതി ഇന്ത്യക്ക് അനുകൂലമാക്കിയത്.
സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ അക്സർ പട്ടേലിനെ നേരത്തെ പന്തേൽപ്പിച്ച സൂര്യയുടെ നീക്കവും ഫലം കണ്ടു. മത്സര ശേഷം സ്പിന്നർമാരെ കുറിച്ചും നായകന് പറയാനേറെ ഉണ്ടായിരുന്നു. "ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിലും സ്പിൻ ആക്രമണങ്ങൾ നിർണായകമായിരുന്നു. ഞാൻ എപ്പോഴും സ്പിന്നർമാരുടെ ആരാധകനാണ്. കാരണം അവരാണ് കളിയുടെ മധ്യഭാഗം നിയന്ത്രിക്കുന്നത്," സൂര്യ സമ്മാനദാന ചടങ്ങിൽ പറഞ്ഞു.
ഹാർദികും ബുംറയും ഒരുക്കിയ വിളനിലം പിന്നീട് സ്പിന്നർമാർ നന്നായി ഉഴുതുമറിച്ചു എന്നതാണ് പാകിസ്ഥാനെതിരായ മത്സരത്തിൻ്റെ ഹൈലൈറ്റ്. ടോസ് നഷ്ടപ്പെട്ട ശേഷവും ആത്മവിശ്വാസത്തോടെ സൂര്യകുമാർ യാദവ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. "ടോസ് ഇന്ത്യക്ക് ലഭിച്ചിരുന്നെങ്കിലും എനിക്ക് ആദ്യം ബൗളിങ് ചെയ്യാൻ തന്നെയായിരുന്നു താൽപ്പര്യം" എന്നാണ് ഇന്ത്യൻ നായകൻ വ്യക്തമാക്കിയത്.
ദുബായിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേഗം കുറഞ്ഞ ട്രാക്കിൽ ആദ്യം അക്സർ പട്ടേലിൻ്റെ ഊഴമായിരുന്നു. രണ്ട് വിക്കറ്റുകൾ അനായാസം അക്സർ പിഴുതെടുത്തു. പിന്നാലെ കുൽദീപ് യാദവിൻ്റെ ഊഴമായിരുന്നു. 13ാം ഓവറിൽ ഹസൻ നവാസിൻ്റെ റിട്ടേൺ ക്യാച്ച് കുൽദീപ് യാദവ് നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ ഒരു ചാംപ്യൻ പ്ലേയർ തിരിച്ചടികളിൽ തളരില്ലെന്ന് വ്യക്തമാക്കി തൊട്ടടുത്ത രണ്ട് പന്തിലും വിക്കറ്റ് നേടി കുൽദീപ് ഇന്ത്യക്ക് മേൽക്കൈ സമ്മാനിച്ചു. മത്സരത്തിലാകെ മൂന്ന് വിക്കറ്റുകളാണ് കുൽദീപ് വീഴ്ത്തിയത്. ഒപ്പം മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ചുമായി.
മറുപടി ബാറ്റിങ്ങിൽ 128 റൺസ് വേണമെന്നിരിക്കെ ഇന്ത്യൻ ഓപ്പണർമാർ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഭയമേതുമില്ലാതെ ആത്മവിശ്വാസത്തോടെ അനായാസം ബാറ്റ് വീശാൻ ഇന്ത്യൻ ഓപ്പണർമാർക്ക് സാധിച്ചു. പാകിസ്ഥാൻ്റെ മാന്ത്രിക സ്പിന്നർ സയീം അയൂബിന് മുന്നിലാണ് ഇന്ത്യൻ ബാറ്റർമാരെല്ലാം തോൽവി സമ്മതിച്ചത്.
അഭിഷേക് ശർമ (31), തിലക് വർമ (31) എന്നിവർക്ക് പുറമെ നായകൻ്റെ ഇന്നിങ്സ് കാഴ്ചവച്ച സൂര്യകുമാർ യാദവിൻ്റെ ഇംപാക്ട് മത്സരത്തിൽ പ്രകടമായിരുന്നു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും ഓർമയിൽ തങ്ങിനിൽക്കാൻ പാകത്തിൽ സമ്മോഹന മുഹൂർത്തങ്ങളൊന്നും ഇന്നലെ പിറന്നില്ലെന്നതാണ് വാസ്തവം.
ചുരുക്കി പറഞ്ഞാൽ പാകിസ്ഥാനെതിരായ ഗ്രൂപ്പ് എയിലെ മത്സരത്തിലെ ജയത്തിൻ്റെ ക്രെഡിറ്റ് ആദ്യം സ്പിന്നർമാർക്കും, പിന്നെ ക്യാപ്ടൻസി മികവിനും മികച്ച ബാറ്റിങ് പ്രകടനത്തിനും സൂര്യകുമാർ യാദവിനും പങ്കിട്ടെടുക്കാം. ഇന്ത്യൻ ബാറ്റർമാർക്ക് കാര്യമായ സമ്മർദം ഒരു ഘട്ടത്തിലും ഉണ്ടായില്ലെന്നതാണ് വാസ്തവം. കളി ജയിപ്പിച്ചത് ഇന്ത്യൻ ബൗളർമാരാണെന്ന് ചുരുക്കം.