പാക് വ്യോമാക്രമണത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് അഫ്ഗാന്‍ ടി20 ക്യാപ്റ്റന്‍ റാഷിദ് ഖാന്‍. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണം അധാര്‍മികവും പ്രാകൃതവുമാണ്. ഇത്തരം അന്യായവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ഗുരുതര ലംഘനമാണ്, അവ ശ്രദ്ധിക്കാതെ പോകരുതെന്നും റാഷിദ് ഖാന്‍ എക്സില്‍ കുറിച്ചു.
"അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിവിലിയന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞാന്‍ വളരെ ദുഃഖിക്കുന്നു. സ്ത്രീകള്‍, കുട്ടികള്‍, ലോക വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് സ്വപ്നം കണ്ട് വളര്‍ന്നുവന്ന യുവ ക്രിക്കറ്റര്‍മാര്‍ എന്നിവരുടെ ജീവനെടുത്ത ദുരന്തമാണിത്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവയ്ക്കുന്നത് തികച്ചും അധാര്‍മികവും പ്രാകൃതവുമാണ്. ഇത്തരം അന്യായവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്, അവ ശ്രദ്ധിക്കാതെ പോകരുത്" -റാഷിദ് പ്രതികരിച്ചു.
നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, പാകിസ്ഥാനെതിരെ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറാനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ.സി.ബി) തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും റാഷിദ് വ്യക്തമാക്കി. ഈ ദുഷ്കരഘട്ടത്തില്‍ ജനതയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുന്നതായും റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
പാക് അതിര്‍ത്തിയോടു ചേര്‍ന്ന പക്തിക പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ക്രിക്കറ്റ് താരങ്ങൾ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് താരങ്ങളായ കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരും മറ്റ് അഞ്ച് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പക്തിക പ്രവിശ്യയിലെ ഷരണയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ പങ്കെടുക്കാന്‍ ഉർഗുനില്‍ നിന്നെത്തിയതായിരുന്നു ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ എ.സി.ബി, നവംബറിൽ നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറുന്നതായും അറിയിച്ചു.