ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ Source: crininfo
CRICKET

IND vs ENG | ബുംറ തിളങ്ങി, ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്ത്; രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

അഞ്ച് വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങിയ മത്സരത്തില്‍, ഹാരി ബ്രൂക്കിന് ഒരു റണ്ണിന് സെഞ്ചുറി നഷ്ടമായി

Author : ന്യൂസ് ഡെസ്ക്

ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 465 റണ്‍സിന് അവസാനിച്ചു. അഞ്ച് വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങിയ മത്സരത്തില്‍, സെഞ്ചുറി നേടിയ ഒലി പോപ്പും, സെഞ്ചുറിക്ക് ഒരു റണ്‍ അകലെ പുറത്തായ ഹാരി ബ്രൂക്കും, അര്‍ധ സെഞ്ചുറി നേടിയ ബെന്‍ ഡെക്കറ്റുമാണ് ഇംഗ്ലണ്ടിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ആദ്യ ഇന്നിങ്സില്‍ 471 റണ്‍സെടുത്ത ഇന്ത്യക്ക് ആറ് റണ്‍സിന്റെ ലീഡ് മാത്രമാണ് സ്വന്തമാക്കാനായത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍, രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. യശ്വസി ജയ്‌സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. കെ.എല്‍. രാഹുല്‍ (47), ശുഭ്‌മാന്‍ ഗില്‍ (6) എന്നിവരാണ് ക്രീസില്‍.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാക് ക്രോളിയെ (നാല്) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ബെന്‍ ഡെക്കറ്റ്-ഒലി പോപ്പ് സഖ്യം 122 റണ്‍സുമായി കളി നിയന്ത്രിച്ചു. 62 റണ്‍സെടുത്തുനില്‍ക്കെ ഡക്കറ്റിനെ ബുംറ വീഴ്ത്തി. പോപ്പ് ജോ റൂട്ടുമായി ചേര്‍ന്ന് (28) സ്കോര്‍ ചലിപ്പിച്ചു. സെഞ്ചുറിയുമായി പോപ്പ് കളം നിറഞ്ഞതോടെ, കളിയുടെ ഗതി മാറി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പോപ്പിനെ നഷ്ടപ്പെട്ടു. 137 പന്തില്‍ നിന്ന് 14 ബൗണ്ടറി ഉള്‍പ്പെടെ 106 റണ്‍സെടുത്ത പോപ്പിനെ, പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.

പിന്നാലെയെത്തിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്ക്‌സുമായി ചേര്‍ന്ന് ബ്രൂക്ക് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ മുഹമ്മദ് സിറാജ് ആ കൂട്ടുകെട്ട് പൊളിച്ചു. 20 റണ്‍സെടുത്ത സ്റ്റോക്ക്സിനെ സിറാജ് പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ജാമി സ്മിത്ത് മികച്ച ഫോമില്‍ ബാറ്റ് വീശി. ആറാം വിക്കറ്റില്‍ ബ്രൂക്കും സ്മിത്തും ചേര്‍ന്ന് 73 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറിയിലേക്ക് കുതിച്ച സ്മിത്ത് 40ല്‍ പ്രസിദ്ധിന്റെ പന്തില്‍ സായ് സുദര്‍ശന് ക്യാച്ച് കൊടുത്ത് മടങ്ങി.

ബാറ്റിങ്ങിലെ താളം വിടാതെ ബ്രൂക്ക് അടിച്ചുകളിച്ചു. ക്രിസ് വോക്സുമായി ചേര്‍ന്ന് കുതിക്കവെ, 99 റണ്‍സില്‍ ബ്രൂക്കിനെ പ്രസിദ്ധ് ശാര്‍ദുല്‍ താക്കൂറിന്റെ കൈകളിലെത്തിച്ചു. ഷോര്‍ട്ട് ബോളില്‍ സിക്സിനുള്ള ബ്രൂക്കിന്റെ ശ്രമമാണ് പാളിയത്. വോക്സിനൊപ്പം ബ്രൈഡന്‍ കാര്‍സ് ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിച്ചു. 55 റണ്‍സെടുത്തുനിന്ന സഖ്യത്തെ സിറാജാണ് പൊളിച്ചത്. 22 റണ്‍സെടുത്ത കാര്‍സിന്റെ കുറ്റി സിറാജ് പിഴുതു. 38 റണ്‍സെടുത്ത വോക്സിനെയും 11 റണ്‍സെടുത്ത ജോഷ് ടങ്ങിനെയും ബുംറ മടക്കി. ഷൊയ്ബ് ബഷീര്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി പ്രസിദ്ധ് മൂന്നും സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

SCROLL FOR NEXT