ഇംഗ്ലണ്ട് കോച്ച് ബ്രണ്ടൻ മക്കല്ലം, ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ Source: X/ Gautam Gambhir, Brendon McCullum
CRICKET

IND vs ENG | 'ഗംഭീര'മാകുമോ ടീം ഇന്ത്യ! മക്കെല്ലത്തിൻ്റെ 'ബാസ് ബോൾ' ശൈലിക്ക് ഇന്ത്യൻ കോച്ചിൻ്റെ മറുപടിയെന്താകും?

രോഹിത് ശർമ, വിരാട് കോഹ്‌‌ലി, ആർ. അശ്വിൻ എന്നിവരുടെ വിരമിക്കലിനെ തുടർന്ന്, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു നവീകരണ കാലഘട്ടത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ലീഡ്‌സിലെ ഹെഡിങ്ലിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തോടെ 2025-26 സീസണിലെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് തുടക്കമാകുകയാണ്. രോഹിത് ശർമ, വിരാട് കോഹ്‌‌ലി, ആർ. അശ്വിൻ എന്നിവരുടെ വിരമിക്കലിനെ തുടർന്ന്, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു നവീകരണ കാലഘട്ടത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.

ഒരു യുവ ഇന്ത്യൻ നിരയാണ് ഇംഗ്ലണ്ടിനെ നേരിടാൻ പോകുന്നത്. പരമ്പരയിലൂടെ ഒരു പരീക്ഷണ ഘട്ടമാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും പുതുമുഖ നായകൻ ശുഭ്മാൻ ഗില്ലും അഭിമുഖീകരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനാണ് ഉപനായക പദവി കൈമാറിയിരിക്കുന്നത്. മാറുന്ന കാലഘട്ടത്തിനനുസൃതമായി ക്രിക്കറ്റിൻ്റെ ദൈർഘ്യം കൂടിയ ഫോർമാറ്റിനെ പരിഷ്ക്കരിക്കാനാണ് കോച്ച് ഗൗതം ഗംഭീർ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ ഇങ്ങനെയൊരു പരിവർത്തനത്തിന് തുടക്കമിട്ടത് ആതിഥേയരായ ഇംഗ്ലണ്ട് തന്നെയാണ്. മൂന്ന് ഫോർമാറ്റിനും അനുസൃതമായി ടീമിനെ പൊളിച്ച് പണിഞ്ഞ ഇംഗ്ലീഷ് ടീമിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ലെന്നതാണ് വസ്തുത. ടെസ്റ്റ് ക്രിക്കറ്റിൽ അവരാണ് 'ബാസ്ബോൾ' സമ്പ്രദായം അവതരിപ്പിച്ചത്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മാച്ചുകളുടെ വിരസതയെ കൊല്ലുന്ന ശൈലി വികസിപ്പിച്ചെടുത്തത് ന്യൂസിലൻഡുകാരനായ ബ്രണ്ടൻ മക്കെല്ലമാണ്.

ബാറ്റർമാരും ബൗളർമാരും ഫീൽഡർമാരും ഒരുപോലെ കഠിനമായി പരീക്ഷിക്കപ്പെടുന്ന ക്രിക്കറ്റിലെ ഏക ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. പരിമിത ഓവർ ക്രിക്കറ്റിൽ തിളങ്ങുന്ന എല്ലാവർക്കും, അഞ്ച് ദിവസം 15 സെഷനുകളായി നീളുന്ന ടെസ്റ്റ് ഫോർമാറ്റിൽ മികവ് തെളിയിക്കാൻ കഴിയണമെന്നില്ല. തിരിച്ചും അങ്ങനെ തന്നെയാണ്. ക്ഷമ, ഏകാഗ്രത, കൃത്യത ഇവ മൂന്നുമാണ് റെഡ് ബോൾ ക്രിക്കറ്റിൽ പരീക്ഷിക്കപ്പെടുന്നത്.

ഇംഗ്ലണ്ടിൻ്റെ 'ബാസ്ബോൾ' സമ്പ്രദായം ഇന്ത്യൻ ക്രിക്കറ്റിൽ പരീക്ഷിച്ച് വിജയം നേടിയ കോച്ചാണ് ഗൗതം ഗംഭീർ. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പവർ പ്ലേ ഓവർ ബാറ്റിങ്ങിലേക്ക് ബാസ് ബോളിനെ വിജയകരമായി സന്നിവേശിപ്പിച്ച് കിരീടം കൊത്തിപ്പറന്ന ചരിത്രമുണ്ട് ഗംഭീറിന്. അതേ ശൈലി പിന്തുടർന്ന രോഹിത് ശർമയുടെ കൂട്ടം ടി20 ലോക കിരീടം നേടിയ കഥയും നമുക്കറിയാം.

ഇനി ഇതുവരെ നേടാനാകാത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടത്തിലേക്കാണ് ബിസിസിഐയും സെലക്ടർമാരും കണ്ണുവെക്കുന്നതെന്ന് വ്യക്തം. ടെസ്റ്റ് ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായിരുന്ന ഇന്ത്യൻ ടീമിന് ഇടക്കാലത്ത് പ്രതാപം നഷ്ടപ്പെടുന്ന കാഴ്ചയും ആരാധകർ കണ്ടതാണ്. രോഹിത്തിൻ്റെ നേതൃത്വത്തിൽ ന്യൂസിലൻഡിനോട് നാട്ടിൽ ടെസ്റ്റ് പരമ്പര 3-0ന് കൈവിട്ടതും, ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റ് ജയിച്ച ശേഷം ഓസ്ട്രലിയക്ക് മുന്നിൽ പരമ്പര അടിയറവ് വെച്ചതും ഇന്ത്യൻ ആരാധകരെ മനോവ്യഥയിലേക്ക് തള്ളിവിട്ടിരുന്നു.

ഏറെ വിജയകരമായിരുന്ന രാഹുൽ ദ്രാവിഡിൻ്റെ പരിശീലക കാലഘട്ടത്തിന് ശേഷം, ഗംഭീറിലേക്ക് ഒരു നിയോഗം പോലെ ഇന്ത്യൻ ക്രിക്കറ്റിൻ്റെ കടിഞ്ഞാൺ കൈമാറപ്പെട്ടിരിക്കുകയാണ്. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയൊരു പരമ്പര കൂടി തോറ്റാൽ ഗംഭീറിനെ പുറത്താക്കുന്നതിലേക്ക് കാര്യങ്ങളെത്തുമെന്ന് സുനിശ്ചിതമാണ്. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഗംഭീറിന് വെല്ലുവിളി ഉയർത്തുന്ന, ഉറക്കം കെടുത്തുന്നൊരു വസ്തുതയാണിത്.

രോഹിത്തും കോഹ്‌ലിയും അശ്വിനുമെല്ലാം തുടരെത്തുടരെ കൊഴിഞ്ഞു പോകുമ്പോൾ അതിന് പിന്നിൽ ഒരു ചാലകശക്തിയായി നിന്നത് മുൻ ഇന്ത്യൻ ഓപ്പണർ കൂടിയായ ഗംഭീർ തന്നെയാണെന്നത് പകൽ പോലെ വ്യക്തമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ അനിവാര്യമായൊരു തലമുറ മാറ്റമാണ് നടക്കുന്നതെങ്കിലും, ഇതിഹാസ താരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഒരു യാത്രയയപ്പ് മത്സരം പോലും നൽകാൻ സാധിക്കാതെ പോകുന്നത് മോശം പ്രവണതയാണെന്ന് ആരാധകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

അതിനാൽ , ഈ യുവനിരയുമായി ആരാധകരെ ത്രില്ലടിപ്പിക്കുന്നൊരു പരമ്പര ജയം സമ്മാനിച്ചാൽ മാത്രമെ ഗംഭീറിനും ഇന്ത്യൻ ടീമിനൊപ്പം അധികനാൾ ഡ്രസിങ് റൂമിൽ തുടരാനാകൂ.

SCROLL FOR NEXT