CRICKET

IND vs NZ: 48 റൺസ് ജയം, ടി20 പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ

അഭിഷേക് ശർമയുടെ വെടിക്കെട്ട് ഓപ്പണിങ് ഇന്നിങ്സും വാലറ്റത്ത് റിങ്കു സിങ് നടത്തിയ സ്ഫോടനാത്മക ബാറ്റിങ്ങുമാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

നാഗ്‌പൂർ: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ ആദ്യ മാച്ചിൽ 48 റൺസ് ജയം നേടി 1-0ന് മുന്നിലെത്തി സൂര്യകുമാർ യാദവും സംഘവും. നാഗ്‌പൂരിൽ നടന്ന മാച്ചിൽ അഭിഷേക് ശർമയുടെ (35 പന്തിൽ 84) വെടിക്കെട്ട് ഓപ്പണിങ് ഇന്നിങ്സും, വാലറ്റത്ത് റിങ്കു സിങ് (20 പന്തിൽ 44) നടത്തിയ സ്ഫോടനാത്മക ബാറ്റിങ്ങുമാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. സൂര്യകുമാർ യാദവ് (32) ഹാർദിക് പാണ്ഡ്യ (25) എന്നിവരും ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കം അത്ര മികച്ചതായിരുന്നില്ല. എങ്കിലും 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടാനായിരുന്നു. എന്നാൽ മറുപടിയായി കീവീസ് പടയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യൻ ബൗളർമാരിൽ ശിവം ദുബെയും വരുൺ ചക്രവർത്തിയും രണ്ട് വീതം വിക്കറ്റുകളുമായി തിളങ്ങി.

ഇന്ത്യൻ ഇന്നിങ്സിൽ അഭിഷേക് ശർമയുടെ ബാറ്റിങ് വിരുന്ന് നാഗ്‌പൂരിലെ കാണികൾക്ക് ആവേശം പകർന്നു. 240 സ്ട്രൈക്ക് റേറ്റിൽ 35 പന്തിൽ നിന്ന് 84 റൺസാണ് ഇന്ത്യൻ യുവ ബാറ്റർ വാരിയത്. എട്ട് കൂറ്റൻ സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഈ വെടിക്കെട്ട് ഇന്നിങ്സ്. നായകൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരിച്ചെത്തുന്നതിൻ്റെ സൂചനകൾ നൽകിയതും ഇന്ത്യക്ക് പ്രതീക്ഷയേകുന്നു.

ബാറ്റിങ്ങിൽ കാര്യമായി തിളങ്ങാനായില്ലെങ്കിലും ഇന്ത്യൻ ബൗളിങ്ങിൽ പറക്കും ക്യാച്ചുമായി തിളങ്ങി സഞ്ജു സാംസൺ. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് അത്യന്തം അപകടകാരിയായ ഡെവോൺ കോൺവേയെ സഞ്ജു തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കിയത്. മത്സരത്തിനിടെ കമൻ്റേറ്റർമാരും സഞ്ജുവിൻ്റെ ക്യാച്ചിനെ പ്രശംസിക്കുന്നുണ്ടായിരുന്നു. 'സഞ്ജു സാംസണിൻ്റെ ഒറ്റക്കയ്യൻ സ്ക്രീമർ ക്യാച്ച്" എന്നാണ് ബിസിസിഐ ഈ വീഡിയോ ഒഫീഷ്യൽ പേജിൽ പങ്കുവച്ച് തലവാചകം നൽകിയത്.

അതേസമയം, ഓടിക്കൂടിയ ഇന്ത്യൻ താരങ്ങളും സഞ്ജുവിനെ പ്രശംസിക്കാൻ മത്സരിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവും അഭിഷേകുമെല്ലാം സഞ്ജുവിനെ അഭിനന്ദിക്കാൻ ഓടിയെത്തുന്നത് വീഡിയോയിലും കാണാം.

SCROLL FOR NEXT