Image: PTI
CRICKET

എന്ത് ബോയ്‌ക്കോട്ട്..? അതൊക്കെ തീര്‍ന്നു; നൂറിലധികം സ്‌ക്രീനുകളില്‍ 'മെഗാ റിലീസി'നൊരുങ്ങി ഇന്ത്യ-പാക് ഫൈനല്‍

ഇന്ത്യയില്‍ ഏഷ്യാ കപ്പ് ഫൈനല്‍ നൂറിലധികം സിനിമ സ്‌ക്രീനില്‍ ലൈവായി പ്രദര്‍ശിപ്പിക്കും

Author : ന്യൂസ് ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-പാക് 'ഡെസേര്‍ട്ട് സ്റ്റോമി'ലേക്ക് കണ്ണും നട്ടിരിക്കുകയാണ് കായിക ലോകം. ഏഷ്യ കപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത്. ഒരു മാസത്തിനിടയില്‍ തുടര്‍ച്ചയായ മൂന്ന് ഞായറാഴ്ചകളില്‍ ഇന്ത്യ- പാക് പോരാട്ടമെന്നതും മറ്റൊരു അപൂര്‍വ്വതയാണ്.

ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഫൈനലിലും ഇന്ത്യ- പാക് മത്സരം വന്നതോടെ കലാശപ്പോരാട്ടത്തിന്റെ ആവേശവും ഹൈപ്പും ബൗണ്ടറി ലൈനും കടന്ന് മെഗാ പ്രദര്‍ശനത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഏഷ്യാ കപ്പ് ഫൈനല്‍ നൂറിലധികം സിനിമ സ്‌ക്രീനില്‍ ലൈവായി പ്രദര്‍ശിപ്പിക്കും.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും(എസിസി) ഐടിഡബ്ല്യൂ യൂണിവേഴ്‌സും ചേര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ പിവിആര്‍ ഇനോക്‌സുമായി സഹകരിച്ചാണ് നൂറിലധികം സിനിമ സ്‌ക്രീനുകളില്‍ ഫൈനല്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നത്.

നിറഞ്ഞ സ്റ്റേഡിയത്തിലേത് പോലെ തന്നെ കയ്യടികളും ആര്‍പ്പുവിളികളുമായി പരസ്യത്തിന്റെ ഇടവേളകളില്ലാതെ സ്റ്റേഡിയം ടു സ്‌ക്രീന്‍ ലൈവ് എക്‌സ്പീരിയന്‍സായിരിക്കുമിത്. ക്രിക്കറ്റ് കാണികളെ എങ്ങനെ പിടിച്ചിരുത്തുന്നു എന്നതാണ് ഏഷ്യാ കപ്പ് സ്‌ക്രീനിങ്ങിലൂടെ കാണുകയെന്ന് ഇനോക്‌സ് ഫിലിം മാര്‍ക്കറ്റിങ് മേധാവി ആമിര്‍ ബിജ്‌ലി ഇന്ത്യ ടുഡേയോട് പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കളിക്കെരുതെന്നും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു. പക്ഷെ തുടര്‍ച്ചയായ ഇന്ത്യ-പാക് മത്സരങ്ങള്‍ വലിയ മൈലേജാണ് ഏഷ്യാ കപ്പിലുണ്ടാക്കിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍, ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. മത്സര ശേഷം പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ ടീം മടങ്ങിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നും ഭീഷണി ഉയര്‍ത്തിയിരുന്നു.

മത്സര ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സൂര്യ കുമാര്‍ യാദവ് വിജയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ നടപടിയില്‍ ഐസിസി

സൂര്യയോട് വിശദീകരണം ചോദിക്കുകയും 30 ശതമാനം പിഴയും ശിക്ഷ വിധിച്ചു. പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് പാകിസ്ഥാന്‍ താരം ഹാരിസ് റൗഫിന് 30 ശതമാനം പിഴയും ഐസിസി വിധിച്ചിരുന്നു.

ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ ഫിഫ്റ്റി തികച്ച ശേഷം സാഹിബ്സാദ ഫര്‍ഹാന്‍ നടത്തിയ ഗണ്‍ ഷൂട്ടിങ് സെലിബ്രേഷനും വിവാദമായിരുന്നു. സാഹിബ്‌സാദ ഫര്‍ഹാനും ഐസിസി താക്കീത് നല്‍കിയിരുന്നു. തുടരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രീ ഫൈനല്‍ ഫോട്ടോ ഷൂട്ടും ഇന്ത്യ വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

SCROLL FOR NEXT