
ദുബായ് : ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്ഥാന്‍ പോര് വീണ്ടും കളിക്കളത്തിന് പുറത്തേക്ക് നീളുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍, മത്സര ശേഷം പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ ടീം മടങ്ങിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ പ്രീ ഫൈനൽ ഫോട്ടോ ഷൂട്ടില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാർ യാദവ് വിട്ടുനില്‍ക്കുമെന്നാണ് റിപ്പോർട്ടുകള്‍.
ഏഷ്യ കപ്പ് പ്രീ ഫൈനൽ ഫോട്ടോ ഷൂട്ടില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഇന്ത്യൻ നായകൻ്റെ തീരുമാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പാകിസ്ഥാന്‍ നായകന്‍ സൽമാൻ അലി ആഘ മറുപടി നല്‍കി. ഫോട്ടോ ഷൂട്ടിന് വരുന്നതും വരാതിരിക്കുന്നതും സൂര്യകുമാറിന്റെ തീരുമാനമാണ്. അതില്‍ തനിക്ക് ഒന്നും ചെയ്യാന്‍ ഇല്ലെന്നായിരുന്നു പാക് നായകന്റെ മറുപടി.
വന്‍കരയിലെ ചാംപ്യന്മാരാകാന്‍ അജയ്യരായാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. സൂപ്പർ പോരില്‍ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. പാകിസ്ഥാനെ ഇരു ഘട്ടങ്ങളിലും തോൽപ്പിച്ചത് അവസാന മത്സരത്തിലേക്കെത്തുമ്പോൾ സൂര്യകുമാറിനും സംഘത്തിനും കരുത്തേക്കും.
മറുവശത്ത് പാക് ക്യാംപില്‍ പ്രതിസന്ധികള്‍ രൂക്ഷമാണ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയോട് തോറ്റത് പാക് ടീമിനെ ബാധിച്ചിട്ടുണ്ട്. കൂടാതെ കളിക്കളത്തിന് പുറത്തുള്ള വിവാദങ്ങളും ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. നാല് കളിയിൽ പൂജ്യത്തിന് പുറത്തായ സായിം അയൂബും നായകൻ സൽമാൻ അലി ആഘയും അടക്കമുള്ളവർ റൺ കണ്ടെത്താൻ പാടുപെടുന്നത് ടീമിന്റെ പ്രധാന ആശങ്കയാണ്.
എന്നാല്‍, ഫൈനല്‍ ജയിക്കുമെന്ന ആത്മവിശ്വാസമാണ് പാക് നായകന്‍ പ്രകടിപ്പിക്കുന്നത്. "മികച്ച ക്രിക്കറ്റ് പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. 40 ഓവർ കൃത്യമായി ഞങ്ങളുടെ പ്ലാൻ പ്രാവർത്തികമാക്കാന്‍ സാധിച്ചാല്‍ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ സാധിക്കും," സൽമാൻ പറഞ്ഞു.
ഇതുവരെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയും പാകിസ്ഥാനും 210 തവണയാണ് മുഖാമുഖം ഏറ്റുമുട്ടിയത്. 88 തവണ പാകിസ്ഥാന്‍ വിജയിച്ചപ്പോൾ 79 തവണ ഇന്ത്യയും വിജയിച്ചു. കടലാസിലെ കണക്കുകളില്‍ നേരിയ മുൻതൂകം പാകിസ്ഥാനാണ്. ഏകദിനത്തിൽ 136 തവണ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാൻ 73 മത്സരങ്ങളിലും ഇന്ത്യ 58 മത്സരങ്ങളിലും വിജയിച്ചു. ടെസ്റ്റിൽ 59 പ്രാവശ്യം നേർക്കുനേർ വന്നപ്പോൾ പാകിസ്ഥാൻ ഇന്ത്യയെ വീഴ്ത്തിയത് 12 തവണയാണ്. 38 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും പാകിസ്ഥാനാണ് മുൻതൂക്കമെങ്കില്‍ ട്വന്റി ട്വന്റിയിലേക്കെത്തിയാൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമാണ് കാണാന്‍ സാധിക്കുക. 15 മത്സരങ്ങളിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
ഫൈനൽ പോരുകളിലെല്ലാം കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടങ്ങാണ്. ഇതുവരെ ഏറ്റുമുട്ടിയത് ഏഴ് ഫൈനലുകളിൽ- അഞ്ച് മൾട്ടിനാഷണൽ ടൂർണമെൻ്റുകളും രണ്ട് ഐസിസി ടൂർണമെൻ്റും. ഐസിസി ടൂർണമെൻ്റ് ഫൈനലുകളിൽ ഒപ്പത്തിനൊപ്പം. 2007 ട്വൻ്റി ട്വൻ്റി ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ 2017 ചാംപ്യൻസ് ട്രോഫിയിൽ പാകിസ്ഥാന്‍ കിരീടമുയർത്തി. മറ്റ് അഞ്ച് ടൂർണമെൻ്റുകളിൽ മൂന്നെണ്ണം പാകിസ്ഥാനും രണ്ടെണ്ണം ഇന്ത്യയും നേടി. ഏഷ്യ കപ്പിൻ്റെ ഫൈനലിൽ ചരിത്രത്തില്‍ ആദ്യമായാണ് ഇരുടീമും നേർക്കുനേർ വരുന്നത്. ദുബായിലെ സൂപ്പർപോരിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ആരാധകർ.