ഡൽഹി: ടി20 ലോകകപ്പിൽ യുഎസ്എയ്ക്കെതിരായ നിറംമങ്ങിയ തുടക്കത്തിന് ശേഷം പ്രതാപത്തിനൊത്ത വിജയം തേടി സൂര്യകുമാർ യാദവും കൂട്ടരും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഡൽഹിയിൽ വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തിൽ നമീബിയ ആണ് എതിരാളികൾ. ഇന്നത്തെ മറ്റു മത്സരങ്ങളിൽ രാവിലെ 11ന് ശ്രീലങ്ക ഒമാനെയും ഉച്ചയ്ക്ക് മൂന്നിന് നേപ്പാൾ ഇറ്റലിയേയും നേരിടും.
നമീബിയക്കെതിരെ ലോകകപ്പ് മാച്ചിന് ഇറങ്ങും മുമ്പേ തന്നെ ഇന്ത്യൻ ടീം ആരെയും ദുർബലരായി കാണില്ലെന്ന് നയം വ്യക്തമാക്കിയിട്ടുണ്ട്. യുഎസിനെതിരായ ആദ്യ മത്സരത്തിൽ നായകൻ സൂര്യകുമാർ യാദവ് ഒഴികെയുള്ളവരെല്ലാം പാടെ നിരാശപ്പെടുത്തിയിരുന്നു. ഫെബ്രുവരി പാകിസ്ഥാനെതിരായ വമ്പൻ പോരിന് മുൻപ് റണ്ണടിച്ച് കൂട്ടി ആത്മവിശ്വാസം വീണ്ടെടുക്കണം ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക്.
ജസ്പ്രീത് ബുമ്ര പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തുന്നത് ബൗളിംഗ് നിര കരുത്തുറ്റതാകും. ബുമ്ര തിരിച്ചെത്തുന്നതോടെ അർഷ്ദീപ് സിങ്ങോ മുഹമ്മദ് സിറാജോ പുറത്തിരിക്കേണ്ടി വരും.
വയറിന് അണുബാധയുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിഷേക് ശർമ ഡൽഹിയിൽ കളിച്ചേക്കില്ല. അസുഖം ബാധിച്ച് രണ്ടുദിവസവും പരിശീലനത്തിൽ നിന്ന് വിട്ടുനിന്ന അഭിഷേക് ഇന്ന് കളിക്കാൻ സാധ്യതയില്ല. അതിനാൽ തന്നെ സഞ്ജു സാംസൺ ഓപ്പണറായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ ടോസിന് എത്തുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ഇഷാൻ കിഷന്‍റെ ഓപ്പണിങ് പങ്കാളി ആരാകും എന്നറിയാനാണ്.
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പാടെ നിറംമങ്ങിയ സഞ്ജുവിന് നമീബിയയെ പോലൊരു ദുർബലരായ എതിരാളികൾക്കെതിരെ മികച്ച പ്രകടനം നടത്തി ഫോമിലേക്ക് തിരിച്ചെത്താനുള്ള സുവർണാവസരം നമീബിയക്കെതിരായ മത്സരം.