ട്രിപ്പിൾ ത്രില്ലർ ക്ലൈമാക്സ്! അഹമ്മദാബാദിലെ ഡബിൾ സൂപ്പർ ഓവർ മാച്ചിൽ ജയം പ്രോട്ടീസിന് | ടി20 ലോകകപ്പ് 2026

രണ്ടാമത്തെ സൂപ്പർ ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തകർത്തടിച്ച ഡേവിഡ് മില്ലറും സ്റ്റബ്സും ചേർന്ന് ഒരോവറിൽ 23 റൺസാണ് സമ്മാനിച്ചത്.
SA vs AFG
Published on
Updated on

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ രണ്ട് സൂപ്പർ ഓവറുകളുമായി ക്ലൈമാക്സിൽ വമ്പൻ ത്രില്ലിങ് സീനുകൾ കാത്തുവച്ച ആവേശപ്പോരിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടിയായി 19.4 ഓവറിൽ 187ന് അഫ്ഗാനിസ്ഥാൻ്റെ എല്ലാ ബാറ്റർമാരും പുറത്താവുകയായിരുന്നു.

ഇതോടെ മത്സരം ആദ്യത്തെ സൂപ്പർ ഓവറിലേക്ക് നീങ്ങി. ആവേശകരമായ ആദ്യത്തെ സൂപ്പർ ഓവർ മത്സരത്തിൽ ഇരു ടീമുകളും 17 വീതം റൺസടിച്ച് സമനില പാലിച്ചു. അതോടെ മത്സരവിധി നിർണയിക്കാൻ വീണ്ടുമൊരു സൂപ്പർ ഓവർ കൂടി വേണമെന്ന നിലയായി.

SA vs AFG
ടി20 ലോകകപ്പ് 2026 | യുഎഇയെ നാണംകെടുത്തി ന്യൂസിലൻഡ്; നമീബിയയെ നിഷ്പ്രഭരാക്കി നെതർലൻഡ്‌സ്

എന്നാൽ രണ്ടാമത്തെ സൂപ്പർ ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തകർത്തടിച്ച ഡേവിഡ് മില്ലറും സ്റ്റബ്സും ചേർന്ന് ഒരോവറിൽ 23 റൺസാണ് സമ്മാനിച്ചത്. മൂന്ന് സിക്സറുകൾ ഈ ഓവറിൽ പിറന്നു. അതോടെ ജയിക്കാൻ അഫ്ഗാന് വേണ്ടത് ആറ് പന്തിൽ 24 റൺസായിരുന്നു. എന്നാൽ 19 റൺസ് മാത്രമെ അവർക്ക് കണ്ടെത്താനായുള്ളൂ.

കേശവ് മഹാരാജിനെ ഹാട്രിക് സിക്സറുകൾ പായിച്ച് ഗുർബാസ് ഞെട്ടിച്ചെങ്കിലും അവസാന പന്ത് മില്ലറുടെ കൈകളിൽ ഒതുങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ശ്വാസം നേരെ വീണു.

SA vs AFG
ഇന്ത്യ-പാക് മത്സരം: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ 'സോപ്പിടാൻ' ഐസിസി അപ്രഖ്യാപിത ഇളവുകളും നൽകിയെന്ന് റിപ്പോർട്ട്

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. ക്വിൻ്റണ്‍ ഡീകോക്കിൻ്റേയും റയാന്‍ റിക്കിൽട്ടണിൻ്റേയും അര്‍ധസെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വണ്‍ഡൗണായി എത്തി 28 പന്തില്‍ 61 റണ്‍സെടുത്ത റിക്കൽട്ടണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

41 പന്തില്‍ 59 റണ്‍സെടുത്ത് ഡീ കോക്കും തകര്‍ത്തടിച്ചു. 19 പന്തില്‍ 23 റണ്‍സെടുത്ത ഡിവാള്‍ഡ് ബ്രെവിസ്, 15 പന്തില്‍ 20 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, ഏഴ് പന്തില്‍ 16 റണ്‍സെടുത്ത മാര്‍ക്കോ ജാന്‍സണ്‍ എന്നിവരും നിര്‍ണായക സംഭാവന നല്‍കി. അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ് മൂന്നും ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ 42 പന്തിൽ 84 റൺസെടുത്ത റഹ്മാനുള്ള ഗുർബാസ്, അസ്മത്തുള്ള ഒമര്‍സായ് (22), റാഷിദ് ഖാൻ (20) എന്നിവരുടെ ബാറ്റിങ് പ്രകടനത്തിൻ്റെ കരുത്തിൽ അഫ്ഗാൻ പൊരുതിയെങ്കിലും നിർഭാഗ്യം റണ്ണൗട്ടിൻ്റെ രൂപത്തിലെത്തി. ജയിക്കാൻ മൂന്ന് പന്ത് ശേഷിക്കെ ജയിക്കാൻ രണ്ട് റൺസ് കൂടി വേണമെന്നിരിക്കെ ലഭിച്ച ഫ്രീ ഹിറ്റ് പന്തിൽ അഫ്ഗാൻ ബാറ്ററായ ഫസൽഹഖ് ഫാറൂഖി റണ്ണൗട്ടാവുകയായിരുന്നു. അതോടെ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഓൾഔട്ടാവുകയും മത്സരം 187-187 എന്ന നിലയിൽ ടൈ ആവുകയും ചെയ്തു. പിന്നീടാണ് മത്സരത്തിൽ രണ്ട് സൂപ്പർ ഓവറുകൾ പിറന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com