ദുബായ്: ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഏഷ്യ കപ്പ് ഫൈനലിൽ മൂന്ന് മാറ്റങ്ങൾക്ക് സാധ്യത. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്കാണ് ഇന്ത്യൻ ക്യാംപിൽ നിരാശ പടർത്തുന്നത്. ശ്രീലങ്കയ്ക്ക് എതിരായ സൂപ്പർ ഫോർ മത്സരത്തിനിടെ പേശീവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് ഹാർദിക് പാണ്ഡ്യ ഒരു ഓവർ മാത്രമാണ് എറിഞ്ഞത്.
പാണ്ഡ്യയുടെ ആരോഗ്യസ്ഥിതി ഇന്ന് കൂടി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം കോച്ചും ക്യാപ്റ്റനും ചേർന്ന് എടുക്കുകയെന്ന് ബൗളിങ് കോച്ച് മോണി മോർക്കൽ വ്യക്തമാക്കിയിരുന്നു. പരിക്ക് മൂലം ഹാർദിക് കളിച്ചില്ലെങ്കിൽ പകരം അർഷ്ദീപ് സിങ് ഈ സ്ഥാനത്തേക്കെത്തും.
അതേസമയം, വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഫീൽഡിങ്ങിനിടെ പേശീ വലിവ് അനുഭവപ്പെട്ട അഭിഷേക് ശർമയും തിലക് വർമയും മത്സരം പൂർത്തിയാക്കാതെ മടങ്ങിയിരുന്നു. എന്നാൽ ഇരുവരും ഫിറ്റ്നസ് വീണ്ടെടുത്തെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്.
ലങ്കയ്‌ക്കെതിരായ മാച്ചിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഫൈനലിന് ഇറങ്ങുകയെന്നാണ് വിവരം. അർഷ്ദീപിനും ഹർഷിത് റാണയ്ക്കും പകരം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ഓൾറൗണ്ടർ ശിവം ദുബെയും ടീമിൽ തിരിച്ചെത്തിയേക്കും. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ തുടരും. ബാറ്റിങ്ങിൽ ആറാമനായി തന്നെയാകും ഇറങ്ങാൻ സാധ്യത.
ഇന്ത്യ-ശ്രീലങ്ക സൂപ്പർ ഫോർ മത്സരം നടന്ന പിച്ചിൽ തന്നെയാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടവും നടക്കുകയെന്നാണ് റിപ്പോർട്ട്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ രണ്ടിന്നിങ്സുകളിലുമായി 400 റൺസിന് മുകളിൽ റൺസ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്.
ഏഷ്യ കപ്പ് ചരിത്രത്തിലെ ഒൻപതാം കിരീട നേട്ടത്തിലേക്കാണ് ഇന്ത്യ കണ്ണുവയ്ക്കുന്നത്. അതേസമയം, ഇന്ത്യയെ വീഴ്ത്തിയാൽ പാകിസ്ഥാന് മൂന്നാം ഏഷ്യ കിരീടമാകും സ്വന്തമാകുക. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത്. സമീപകാലത്തൊന്നും ഈ ചിരവൈരികൾ ഇതുപോലെ നേർക്കുനേർ വന്നിട്ടില്ല.
എന്നാൽ ആദ്യ രണ്ട് പോരാട്ടങ്ങളും അനായാസം ജയിച്ചുകയറിയ നീലപ്പടയെ തോൽപ്പിക്കണമെങ്കിൽ പാക് താരങ്ങളിൽ നിന്ന് അസാമാന്യ പോരാട്ടം തന്നെ പ്രതീക്ഷിക്കേണ്ടി വരും. നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യ തന്നെ ജേതാക്കളാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.