ദുബായ്: 41 വർഷത്തെ ഏഷ്യ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പം. ആവേശകരമായ കലാശപ്പോരിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 19.4 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
തിലക് വർമയും (69) ശിവം ദുബെയും (33), സഞ്ജു സാംസണും ചേർന്നാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്, സ്കോർ 150-5 (19.4 ). നേരത്തെ ഇന്ത്യക്ക് 147 റൺസിൻ്റെ വിജയലക്ഷ്യമാണ് പാകിസ്ഥാൻ ഉയർത്തിയത്. 19.1 ഓവറിൽ 146 റൺസിന് പാകിസ്ഥാൻ ഓൾഔട്ടായി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ കനത്ത ആഘാതമാണ് ഏറ്റത്. ഇന്ത്യ 18 ഓവറിൽ 130/ 4 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. 20/ 3 എന്ന നിലയിൽ പതറിയ ഇന്ത്യയെ തിലകും സഞ്ജു സാംസണും ചേർന്ന് 57 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി രക്ഷപ്പെടുത്തി.
21 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ (24) അബ്രാർ അഹമ്മദിൻ്റെ പന്തിൽ ഫർഹാൻ അനായാസമായി ക്യാച്ചെടുത്ത് പുറത്താക്കി. 12 റൺസിൽ നിൽക്കെ സഞ്ജു നൽകിയ ക്യാച്ച് പാക് താരം നിലത്തിട്ടിരുന്നു. സമ്മർദ്ദ ഘട്ടത്തിൽ സഞ്ജുവിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായിരുന്നു.
നേരത്തെ അഭിഷേക് ശർമയെ (5) ഫഹീം അഷ്റഫ് ഹാരിസ് റൗഫിൻ്റെ കൈകളിലെത്തിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ (1) ഷഹീൻ അഫ്രീദിയുടെ പന്തിൽ സൽമാൻ അലി ആഗ ക്യാച്ചെടുത്ത് പുറത്താക്കി. ശുഭ്മാൻ ഗില്ലിനേയും (12) ഫഹീം അഷ്റഫ് ഹാരിസ് റൗഫിൻ്റെ കൈകളിലെത്തിച്ചു. ഇന്ത്യക്കായി സഞ്ജു സാംസണും തിലക് വർമയുമാണ് ക്രീസിൽ.
നേരത്തെ പാക് ഓപ്പണർമാർ സമ്മാനിച്ച നല്ല തുടക്കം മധ്യനിരയ്ക്കും വാലറ്റത്തിനും മുതലെടുക്കാനായില്ല. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ ഇരുവരും ചേർന്ന് സമ്മാനിച്ചത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ 84 റൺസാണ് ആദ്യ വിക്കറ്റിൽ ഇരുവരും അടിച്ചെടുത്തത്. എന്നാൽ പിന്നീട് ഇന്ത്യൻ സ്പിന്നർമാർ കളി വരുതിയിലാക്കി.
നേരത്തെ ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്രയും വരുൺ ചക്രവർത്തിയും അക്സർ പട്ടേലും രണ്ട് വീതം വിക്കറ്റെടുത്തു. നേരത്തെ 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാനെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
പിന്നാലെ 14 റൺസെടുത്ത സയീം അയൂബിനെ കുൽദീപ് ബുംറയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ മൊഹമ്മദ് ഹാരിസിനെ (0) അക്സർ പട്ടേൽ റിങ്കു സിങ്ങിൻ്റെ കൈകളിലെത്തിച്ചു. ഫഖർ സമാനെയും (46) വരുൺ കുൽദീപിൻ്റെ കൈകളിലെത്തിച്ചു. ഹുസൈൻ തലാതിനെ (0) അക്സർ പട്ടേൽ സഞ്ജു സാംസണിൻ്റെ കൈകളിലെത്തിച്ചു. പിന്നാലെ പാക് നായകൻ്റെ ഊഴമായിരുന്നു. കുൽദീപിൻ്റെ പന്തിൽ സൽമാൻ അലിക്ക് (8) പിഴച്ചപ്പോൾ ഉയർന്നു പൊന്തിയ പന്ത് സഞ്ജു മികച്ചൊരു റണ്ണിങ് ഡൈവ് ക്യാച്ചിലൂടെ കൈപ്പിടിയിലൊതുക്കി. ഷഹീൻ അഫ്രീദിയെ (0) കുൽദീപ് ലെഗ് ബിഫോറാക്കി. ഫഹീം അഷ്റഫിനെയും കുൽദീപ് തിലക് വർമയുടെ കൈകളിലെത്തിച്ചു.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ആദ്യ ഫീൽഡിങ് തെരഞ്ഞെടുത്തിരുന്നു. പേശീവലിവ് അനുഭവപ്പെട്ട ഹാർദിക് പാണ്ഡ്യയെ നിർണായകമായ ഫൈനലിൽ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ മാച്ചിൽ കളിച്ച അർഷ്ദീപ് സിങും ഹർഷിദ് റാണയും ടീമിൽ നിന്ന് പുറത്തായി. അതേസമയം, ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവർ ടീമിലിടം നേടി.
ഇന്ത്യൻ സ്ക്വാഡ്:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, തിലക് വർമ, റിങ്കു സിങ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ശിവം ദുബെ.
പാകിസ്ഥാൻ സ്ക്വാഡ്:
സൽമാൻ അലി ആഗ (ക്യാപ്റ്റൻ), മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), സാഹിബ്‌സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, ഹുസൈൻ തലാത്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.