CRICKET

ടി20 ലോകകപ്പ്: പൊരുതാതെ കീഴടങ്ങി പാകിസ്ഥാൻ, നീലപ്പടയ്ക്ക് അനായാസ ജയം

ഇഷാൻ കിഷൻ്റെ (40 പന്തിൽ 77) ഫിഫ്റ്റിയുടെ മികവിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കൊളംബോ: ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യക്ക് 61 റൺസിൻ്റെ അനായാസ ജയം. മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാൻ 18 ഓവറിൽ 114ന് ഓൾഔട്ടായി. ഇന്ത്യൻ ബൗളർമാരിൽ ജസ്പ്രീത് ബുംറയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയുും രണ്ട് വീതം വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും തിലക് വർമയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റെടുത്തു. ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിലെ ജയം 8-1 എന്ന നിലയിലാണ്.

ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെ പാകിസ്ഥാന് സാഹിബ്‌സാദ ഫർഹാൻ്റെ (0) വിക്കറ്റ് നഷ്ടമായി. റൺസൊന്നുമെടുക്കാതെ ഫർഹാനെ മടക്കി അയച്ചത് ഹാർദിക് പാണ്ഡ്യയാണ്. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ തന്നെ സയീം അയൂബിനെ (6) ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. അതേ ഓവറിൽ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയെ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പാകിസ്ഥാനെ ഞെട്ടിച്ചു. ബാബർ അസമിനെ അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക്കി. പിന്നീട് പാകിസ്ഥാന് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമാകുന്നതാണ് കണ്ടത്.

നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇഷാൻ കിഷൻ്റെ (40 പന്തിൽ 77) വെടിക്കെട്ട് ഫിഫ്റ്റിയുടെ മികവിൽ ഇന്ത്യ 176 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. ഇഷാൻ മടങ്ങിയ ശേഷം സൂര്യകുമാർ യാദവ് (29 പന്തിൽ 32), തിലക് വർമ (24 പന്തിൽ 25), ശിവം ദുബെ (17 പന്തിൽ 27) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സ്കോർ - 175/7 (20 ഓവർ).

നേരത്തെ ഇന്ത്യ-പാകിസ്ഥാൻ മാച്ചിലെ ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായത് ഇന്ത്യൻ ആരാധകർക്ക് നിരാശയായി. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയെറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിലാണ് അനായാസ ക്യാച്ച് സമ്മാനിച്ച് ശർമ മടങ്ങിയത്. മിഡ് ഓണിലേക്ക് ഉയർത്തി അടിക്കാനുള്ള ശ്രമം ഷഹീൻ അഫ്രീദിയുടെ കൈകളിൽ ഒതുങ്ങി. ഈ സമയം ഇന്ത്യൻ സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമാണ് ഉണ്ടായിരുന്നത്.

ടി20 ലോകകപ്പിൽ അഭിഷേകിന്റെ രണ്ടാമത്തെ ഡക്കാണിത്. ടൂർണമെൻ്റിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യുഎസ്എയ്‌ക്ക് എതിരെയും താരം പൂജ്യത്തിന് പുറത്തായിരുന്നു. താരം ഫോമിൽ അല്ലെന്ന സൂചനകളാണ് ആദ്യ മത്സരങ്ങളിൽ നിന്ന് ലഭിക്കുന്നത്. തുടർന്ന് ഡൽഹിയിൽ നമീബിയയ്‌ക്കെതിരായ രണ്ടാം മത്സരത്തിൽ അസുഖം കാരണം ഇടംകൈയ്യൻ ബാറ്റർ കളിച്ചിരുന്നില്ല.

ഇഷാൻ കിഷനും തിലക് വർമയും ചേർന്ന് ഇന്ത്യയെ സുരക്ഷിതമായി മുന്നോട്ട് നയിച്ചു. 40 പന്തിൽ നിന്ന് 77 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. സൂര്യകുമാർ യാദവ് (29 പന്തിൽ 32), തിലക് വർമ (24 പന്തിൽ 25), ശിവം ദുബെ (17 പന്തിൽ 27) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

പാക് ബൗളർമാരിൽ സയീം അയൂബ് മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. സൽമാൻ അലി ആഘ, ഉസ്മാൻ താരീഖ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

SCROLL FOR NEXT