ലഖ്നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം മൂടൽ മഞ്ഞ് മൂലം ഉപേക്ഷിച്ചു. ഏക്ന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മൂന്ന് മണിക്കൂറായിട്ടും ടോസ് ഇടാനായിരുന്നില്ല. കനത്ത മഞ്ഞ് മൂലം കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്നാണ് മത്സരം തുടങ്ങുന്നത് അനന്തമായി നീണ്ടത്. ലഖ്‌നൗവിലെ വായു നിലവാരം 400ൽ എത്തിയതിനാൽ താരങ്ങൾ മാസ്ക് ധരിച്ചാണ് പരിശീലനം നടത്തിയത്.
9.25ന് അമ്പയർമാർ ആറാമതും ഗ്രൗണ്ടിലെത്തി പരിശോധനകൾ നടത്തിയ ശേഷമാണ് മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ അഹമ്മദാബാദിൽ നടക്കുന്ന അഞ്ചാമത്തേയും അവസാനത്തേയും മത്സരം ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ജയിച്ചേ തീരൂവെന്ന അവസ്ഥയിലാണ്. നിലവിൽ 2-1ന് ഇന്ത്യയാണ് പരമ്പരയിൽ മുന്നിട്ടുനിൽക്കുന്നത്.
അതേസമയം, മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ് ടീമിൽ ഇതേവരെ ഇടം ലഭിച്ചിട്ടില്ല. ജിതേഷ് ശർമയാണ് പകരം വിക്കറ്റ് കീപ്പറുടെ ചുമതലയിൽ തുടരുന്നത്. ശുഭ്മാൻ ഗില്ലിന് വേണ്ടി ഓപ്പണർ സ്ഥാനം സഞ്ജു ഒഴിഞ്ഞതോടെ ടീമിൽ സ്ഥാനമില്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്.