CRICKET

ടി20 ലോകകപ്പ് 2026 | ഇന്ത്യക്ക് 188 റൺസ് വിജയലക്ഷ്യം, ദക്ഷിണാഫ്രിക്കയെ കരകയറ്റിയത് മില്ലറും ബ്രെവിസും ചേർന്ന്

മൂന്നോവറിനകം തന്നെ പ്രോട്ടീസ് ഓപ്പണർമാരെ ഇരുവരേയും പവലിയനിൽ തിരിച്ചെത്തിക്കാൻ ഇന്ത്യൻ പേസർമാർക്കായി

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദ്: 2024 ലോകകപ്പ് ഫൈനലിൻ്റെ പുനരാവിഷ്കരണമെന്ന പോലെ ടി20 ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പർ എട്ടിൽ വീണ്ടും ഏറ്റുമുട്ടി നിലവിലെ ചാംപ്യന്മാരായ ഇന്ത്യയും റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കയും. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പ്രോട്ടീസ് പട ഇന്ത്യക്ക് മുന്നിൽ 188 റൺസിൻ്റെ വിജയലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഡിവാൾഡ് ബ്രെവിസ് (29 പന്തിൽ 45), ഡേവിഡ് മില്ലർ (35 പന്തിൽ 63) കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 57 പന്തിൽ നിന്ന് 97 റൺസാണ് വാരിയത്. വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി ട്രിസ്റ്റൺ സ്റ്റബ്സ് (24 പന്തിൽ 44) ദക്ഷിണാഫ്രിക്കയുടെ സ്കോർ 180 കടത്തി. ഇന്ത്യൻ ബൌളർമാരിൽ ബുമ്ര മൂന്ന് വിക്കറ്റുമായി തിളങ്ങി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മൂന്നോവറിനകം തന്നെ പ്രോട്ടീസ് ഓപ്പണർമാരെ ഇരുവരേയും പവലിയനിൽ തിരിച്ചെത്തിക്കാൻ ഇന്ത്യൻ പേസർമാർക്കായി. രണ്ടാം ഓവറിലെ അഞ്ചാമത്തെ പന്തിൽ ക്വിൻ്റൺ ഡീ കോക്കിൻ്റെ കുറ്റി തെറിപ്പിച്ച് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

ഏഴ് പന്തിൽ നിന്ന് ആറ് റൺസെടുത്ത ഡീകോക്ക് മടങ്ങിയ ശേഷം തൊട്ടടുത്ത ഓവറിൽ എയ്ഡൻ മാർക്രമിനേയും മടക്കി അർഷ്ദീപ് സിങ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. ഏഴ് പന്തിൽ നിന്ന് നാല് റൺസാണ് പ്രോട്ടീസ് നായകന് നേടാനായത്.

അധികം വൈകാതെ റിയാൻ റിക്കെൽട്ടനേയും (7) ഇന്ത്യ മടക്കി. ഇത്തവണ വീണ്ടും ബുമ്രയാണ് വിക്കറ്റ് വീഴ്ത്തിയത്. ശിവം ദുബെയ്ക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് റയാൻ മടങ്ങിയത്. ഇതോടെ നാലോവറിൽ 20/3 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പതറുന്നതാണ് കണ്ടത്.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവിഡ് മില്ലറും ഡിവാൾഡ് ബ്രെവിസും ചേർന്ന് അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി ദക്ഷിണാഫ്രിക്കയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി.

ബ്രെവിസിനെ മടക്കി ശിവം ദുബെയും മില്ലറെ മടക്കി വരുൺ ചക്രവർത്തിയും ഇന്ത്യക്ക് നിർണായക ബ്രേക്ക് സമ്മാനിച്ചു. പിന്നാലെ മാർക്കോ ജാൻസണെ അർഷ്ദീപ് റിങ്കു സിങ്ങിൻ്റെ കൈകളിലെത്തിച്ചു. കോർബിൻ ബോഷ് ബുമ്രയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

SCROLL FOR NEXT