ബെംഗളൂരു: ഇന്ത്യയും വെസ്റ്റ് ഇന്ഡീസും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ പരമ്പര 2-2ന് സമനിലയിൽ പിരിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡ്രെയ്നിങ് സൗകര്യങ്ങളുള്ള ഗ്രൗണ്ടായിട്ടും കനത്ത മഴ വീണ്ടും പെയ്തതോടെ ബെംഗളൂരുവിലെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
9 ഓവർ മാച്ച് നടക്കുന്നതിനിടെ എട്ടാം ഓവറിൽ വീണ്ടും മഴയെത്തുകയായിരുന്നു. ഇന്ത്യ 7.4 ഓവറിൽ 118/5 എന്ന നിലയിൽ ബാറ്റിങ് തുടരവെയാണ് മഴ വീണ്ടും വില്ലനായത്. ഇതോടെ ഇരു ടീമിൻ്റേയും നായകർ കൈകൊടുത്ത് മത്സരം ഉപേക്ഷിക്കാൻ ധാരണയിലെത്തി. പരമ്പരയിൽ വീറുറ്റ പോരാട്ടമാണ് ഇരു ടീമുകളും നടത്തിയത്.
ബെംഗളൂരുവിൽ ടോസ് നേടിയ സന്ദർശകർ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇതോടെ ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശർമയും ബാറ്റിങ്ങിനിറങ്ങി. സഞ്ജു സാംസൺ (7 പന്തിൽ 16), അഭിഷേക് ശർമ (6), ഇഷാൻ കിഷൻ (10 പന്തിൽ 30), ശ്രേയസ് അയ്യർ (14 പന്തിൽ 22), നമൻ ധിർ (6 പന്തിൽ 24), തിലക് വർമ (7) എന്നിവർ ബാറ്റ് ചെയ്യാനിറങ്ങി.