Image: X  News Malayalam 24x7
CRICKET

വീണ്ടും നേര്‍ക്കുനേര്‍, ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ഇന്ത്യ; പാകിസ്ഥാന്‍ ഫൈനലിലേക്ക്

മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്ഥാന്‍ നേരെ ഫൈനലിലേക്ക് പ്രവേശിച്ചു

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനുമായി നേര്‍ക്കു നേര്‍ വരേണ്ട സാഹചര്യമുണ്ടായതോടെ ലോക ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ഇന്ത്യ. ഇതോടെ മത്സരമില്ലാതെ തന്നെ ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാന്‍ ഫൈനലിലേക്ക് കടന്നു. വ്യാഴാഴ്ചയായിരുന്നു സെമി ഫൈനല്‍ നിശ്ചയിച്ചിരുന്നത്.

ഒരു ജയവും ഫലമില്ലാത്ത ഒരു കളിയും മൂന്ന് തോല്‍വികളുമായി ആറ് ടീമുകളുള്ള ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ നാലാമതായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ പിന്മാറിയത്. ചാംപ്യന്‍ഷിപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്നും ഇന്ത്യ നേരത്തേ പിന്മാറിയിരുന്നു.

പാകിസ്ഥാനുമായി മത്സരിക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ബജന്‍ സിങ്, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരടങ്ങുന്ന താരങ്ങള്‍ നേരത്തേ നിലപാടെടുക്കുകയായിരുന്നു.

വ്യാഴാഴ്ച എഡ്ജ്ബാസ്റ്റര്‍ ഗ്രൗണ്ടിലായിരുന്നു ഇന്ത്യ-പാകിസ്ഥാന്‍ സെമിഫൈനല്‍ നടക്കേണ്ടിയിരുന്നത്. മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്ഥാന്‍ നേരെ ഫൈനലിലേക്ക് പ്രവേശിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ സെമിഫൈനല്‍ ചിത്രം തെളിഞ്ഞതോടെ ഇന്ത്യയെ പരിഹസിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയുടെ പരാമര്‍ശവും വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോട് മത്സരിക്കാന്‍ തയ്യാറാകാതിരുന്ന ഇന്ത്യ ഇനി എന്ത് പറഞ്ഞ് മത്സരത്തിന് വരും എന്നായിരുന്നു അഫ്രീദിയുടെ പരിഹാസം. പാകിസ്ഥാനോട് മത്സരിക്കാതെ ഇന്ത്യക്ക് മുന്നില്‍ വേറെ വഴിയില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു.

SCROLL FOR NEXT