
ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങളെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യ-പാക് ക്രിക്കറ്റ് തുടരണം. അതേസമയം, പഹല്‍ഗാം ഒരിക്കലും സംഭവിക്കരുത്. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ, സ്പോര്‍ട്സ് തുടരണമെന്നും ബിസിസിഐ മുന്‍ പ്രസിഡന്റ് കൂടിയായ ഗാംഗുലി പറഞ്ഞു.
"കായിക മത്സരങ്ങള്‍ തുടരണം. അതേസമയം, പഹല്‍ഗാം ഒരിക്കലും സംഭവിക്കരുത്. ഭീകരാക്രണം സംഭവിക്കരുത്. അത് അവസാനിപ്പിക്കണം. ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം. കായിക മത്സരങ്ങള്‍ തുടരണം" - ഗാംഗുലി എഎന്‍ഐയോട് പറഞ്ഞു. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളിലും, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു കീഴിലുള്ള ഏഷ്യ കപ്പിലും മാത്രമാണ് ഇന്ത്യ, പാക് ടീമുകള്‍ പരസ്പരം മത്സരിക്കാറുള്ളത്. ഏഷ്യ കപ്പ് മത്സരക്രമം പുറത്തുവന്നതിനു പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.
ഇത്തവണ യുഎഇയിലാണ് ഏഷ്യ കപ്പ് മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. ധാക്കയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിനു പിന്നാലെ, എസിസി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്‌വിയാണ് ഇത്തവണത്തെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്.
ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യ, പാകിസ്ഥാന്‍, യുഎഇ ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നിവര്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകളാണ് ഫൈനല്‍ കളിക്കുക. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ-പാക് ആദ്യ പോരാട്ടം.
2024-2027 കാലയളവില്‍ ഇന്ത്യയിലോ പാകിസ്ഥാനിലോ നടക്കുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചിരുന്നു. അടുത്തിടെ പാകിസ്ഥാന്‍ ആതിഥ്യം വഹിച്ച ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനും ഇന്ത്യ പോയിരുന്നില്ല. പകരം, ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിയിലാണ് നടത്തിയത്.