ഗുവാഹത്തി: കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. നായകൻ ശുഭ്മാൻ ഗിൽ ഗുവാഹത്തിയിൽ വച്ച് നടക്കുന്ന രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റിൽ കളിക്കില്ലെന്ന് റിപ്പോർട്ട്.
ഈഡൻ ഗാർഡൻസിൽ വച്ച് നടന്ന ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനം കഴുത്തിന് പരിക്കേറ്റ ഗിൽ മൂന്നാം ദിനം മുതൽ കളിക്കാൻ എത്തിയിരുന്നില്ല. തുടർന്ന് 25കാരനായ താരത്തെ കൊൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തേടിയതിന് പിന്നാലെ ഞായറാഴ്ചയാണ് ഗിൽ ആശുപത്രി വിട്ടത്. മത്സരം ഇന്ത്യ തോൽക്കുകയും രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിൽ 1-0ന് പിന്നിലാവുകയും ചെയ്തിരുന്നു.
അതേസമയം, ഗിൽ ടീമിനൊപ്പം ഗുവാഹത്തിയിൽ എത്തുമെന്നും എന്നാൽ കളിക്കില്ലെന്നുമാണ് വിവരം. ശുഭ്മാൻ ഗില്ലിനോട് യാത്ര ചെയ്യരുതെന്നാണ് മെഡിക്കൽ ടീം ഉപദേശിച്ചിരിക്കുന്നത്. യാത്ര പരിക്ക് കൂടുതൽ വഷളാക്കുകയും ഭാവിയിൽ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്. പക്ഷേ, ക്യാപ്റ്റനെന്ന നിലയിൽ ടീമിൻ്റെ മനോവീര്യം വർധിപ്പിക്കാനായി ഗിൽ ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ടെസ്റ്റ് മത്സരത്തിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം കളിച്ചാൽ അത് ഒരു മെഡിക്കൽ അത്ഭുതമായിരിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇപ്പോൾ കളിക്കുന്നത് അദ്ദേഹത്തിൻ്റെ ദീർഘകാല കരിയറിനെ ബാധിച്ചേക്കാം. ടീമിനെ ജയിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഗിൽ കളിക്കുന്ന കാര്യത്തിൽ കൂടുതൽ വിലയിരുത്തലിന് ശേഷം 21ന് അന്തിമ തീരുമാനം എടുക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. ഗില്ലിൻ്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് നായകസ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ട്.
രണ്ടാം ടെസ്റ്റിനായി ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയോട് വീണ്ടും ദേശീയ ടീമിൽ ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിൽ പങ്കെടുക്കുന്നതിനായി ആദ്യ ടെസ്റ്റിന് മുമ്പ് റെഡ്ഡിയെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ പരമ്പരയിൽ ഇന്ത്യ എ 2-0ന് മുന്നിലാണ്. ഗില്ലിൻ്റെ പകരക്കാരനായി റെഡ്ഡി വീണ്ടും സീനിയർ ടീമിലെ പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സാധ്യതയുണ്ട്. രണ്ടാം ടെസ്റ്റ് നവംബർ 22 മുതൽ 26 വരെ ബർസാപര സ്റ്റേഡിയത്തിൽ വച്ച് നടക്കും.