

ഷാർജ: 2013 നവംബർ 15 എന്നാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ഇന്നിങ്സ് പിറന്ന ദിവസമാണ്. സ്വപ്നതുല്യമായ കരിയറിലെ 200ാം ടെസ്റ്റ് മത്സരം കളിച്ച ശേഷം തൊട്ടടുത്ത ദിവസം അയാൾ ക്രിക്കറ്റിൽ നിന്ന് പാഡഴിച്ചു. ക്രിക്കറ്റ് കളിച്ചുവളർന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ധോണിയുടേയും കോഹ്‌ലിയുടെയും ചുമലിലേറി ദേശീയ പതാക വീശി ഐതിഹാസികമായ ക്രിക്കറ്റ് കരിയറിന് ഇതിഹാസം ഫുൾ സ്റ്റോപ്പിട്ടു.
മാസ്റ്റർ ബ്ലാസ്റ്ററുടെ കരിയറിലെ ഏറ്റവും സ്ഫോടനാത്മകവും സമ്മോഹനവുമായി ഇന്നിങ്‌സ് ഏതാണെന്ന ചോദ്യത്തിനുള്ള മറുപടി, 1998 ഏപ്രില്‍ 22ന് ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ പിറന്നത് എന്നാണ് ആരാധകർ മറുപടി നൽകുക.
ഷാര്‍ജയില്‍ നടന്ന കൊക്കകോള കപ്പിനായുള്ള ത്രിരാഷ്ട്ര ടൂര്‍ണമെൻ്റിലായിരുന്നു സച്ചിൻ്റെ സംഹാര താണ്ഡവം. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമായിരുന്നു ടൂര്‍ണമെൻ്റിലെ എതിരാളികൾ. ആദ്യ മൂന്ന് കളികളും ജയിച്ച ഓസീസ് ഫൈനലിന് നേരത്തെ യോഗ്യത നേടിയിരുന്നു. ഇന്ത്യക്കാകട്ടെ അവസാന മത്സരത്തില്‍ കംഗാരുപ്പടയ്ക്കെതിരെ മികച്ച റണ്‍നിരക്കോടെ ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. അക്കാലത്ത് ലോക ക്രിക്കറ്റില്‍ മുടിചൂടാ മന്നന്മാരായി വിലസിയിരുന്ന അതിപ്രതാപശാലികളായ ഓസീസിനോട് ജയിക്കുക അത്ര എളുപ്പമായിരുന്നില്ല.
നിര്‍ണായക മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മൈക്കിള്‍ ബെവൻ്റെ സെഞ്ച്വറിയുടെയും, സ്റ്റീവ് വോയുടെ ഫിഫ്റ്റിയുടെയും കരുത്തില്‍ 50 ഓവറില്‍ 284 റണ്‍സ് വാരിക്കൂട്ടി. അന്നത്തെ കാലത്ത് ഇതൊക്കെ അപ്രാപ്യമായിരുന്ന ഉയർന്ന സ്കോറുകളായിരുന്നു. മണല്‍ക്കാറ്റ് വീശിയടിച്ചതോടെ ഇന്ത്യയുടെ ലക്ഷ്യം 44 ഓവറില്‍ 276 റണ്‍സ് ആയി പുനർനിശ്ചയിച്ചിരുന്നു. കാലാവസ്ഥ കൂടി ചതിച്ചതോടെ ഇന്ത്യ ചെകുത്താനും കടലിനും നടുവിൽപെട്ട അവസ്ഥയിലായി.
ലെഗ് സ്പിൻ മജീഷ്യൻ ഷെയ്ന്‍ വോണ്‍, പേസർമാരായ മൈക്കിള്‍ കാസ്പറോവിച്ച്, ഡാമിയന്‍ ഫ്ലെമിങ്, ടോം മൂഡി തുടങ്ങിയ ഇതിഹാസ ബൗളർമാർ കൂടി അണിനിരക്കുന്ന ബൗളിങ് നിരയ്‌ക്കെതിരെ പിടിച്ചുനിൽക്കുക എന്നാൽ അതിലും ദുഷ്ക്കരമായ മറ്റൊന്നുമില്ല തന്നെ. 44ാം ഓവറിനുള്ളിൽ 237 റണ്‍സെടുത്താല്‍ ഇന്ത്യക്ക് റണ്‍നിരക്കില്‍ ന്യൂസിലന്‍ഡിനെ മറികടക്കാമായിരുന്നു. എന്നാല്‍, ഇന്നിങ്‌സിൻ്റെ തുടക്കത്തിലേ വിക്കറ്റുകൾ വീണുതുടങ്ങിയത് നീലപ്പടയ്ക്ക് തലയിലൊരു വെള്ളിടി സമ്മാനിച്ചു. നിർണായക മത്സരത്തിൽ സൗരവ് ഗാംഗുലി (17), നയന്‍ മോംഗിയ (35), മുഹമ്മദ് അസ്ഹറുദീന്‍(14) എന്നിവര്‍ അതിവേഗം പവലിയനിൽ തിരിച്ചെത്തിയതോടെ പതിവ് പോലെ ടീം ഇന്ത്യയെ ജയിപ്പിക്കേണ്ട ഭാരിച്ച ചുമതല അഞ്ചടി അഞ്ചിഞ്ചുകാരനായ സച്ചിൻ്റെ ചുമലിലായി.
സ്ലെഡ്ജിങ്ങിൻ്റെ ആശാന്മാരായ ഓസീസുകാരുടെ പോർവിളികൾക്കൊപ്പം, അവതരിച്ച മണല്‍ക്കാറ്റിനെയും വകവയ്ക്കാതെ സച്ചിന്‍ പുറത്തെടുത്ത ക്ലാസിക് ഇന്നിങ്സ് ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരേടായി ഇന്നും ഇടംപിടിച്ചിട്ടുണ്ട്. അന്ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയ പതിനായിരങ്ങള്‍ സാക്ഷിയായത് ഐതിഹാസികമായൊരു റൺ ചേസിങ്ങിനാണ്. ഇന്ത്യൻ ക്രിക്കറ്റിന് സച്ചിൻ ടെണ്ടുൽക്കർ ആരായിരുന്നു എന്ന് തെളിയിച്ച നിമിഷങ്ങൾ... തുടർന്നങ്ങോട്ടേക്ക് പിറന്നത് ഷെയ്ൻ വോണിൻ്റെ ഉറക്കം കെടുത്തിയ സ്റ്റെപ്പ് ഓവർ സിക്സറുകളുടെ സുന്ദര നിമിഷങ്ങളായിരുന്നു.
അഞ്ച് പടുകൂറ്റൻ സിക്‌സറുകളും ഒൻപത് ബൗണ്ടറികളും ഗ്യാലറികളിലേക്ക് പേമാരി കണക്കെ പെയ്തിറങ്ങി. അന്ന് 131 പന്തുകളിൽ നിന്ന് 143 റണ്‍സെടുത്ത സച്ചിന്‍ ഏറെക്കുറെ ഒറ്റയ്ക്ക് ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു. സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിൻ്റെ ദുരൂഹമായ പന്തുകളെ പലവട്ടം സച്ചിൻ സ്റ്റേഡിയത്തിന് പുറത്തെത്തിച്ചു. ആ ത്രില്ലർ പോരാട്ടത്തിൽ 26 റണ്‍സിന് തോറ്റെങ്കിലും മികച്ച റണ്‍നിരക്കിൻ്റെ അടിസ്ഥാനത്തിൽ കീവീസ് പടയെ പിന്തള്ളി നീലപ്പട ഫൈനൽ ബർത്ത് ഉറപ്പിച്ചു.
അവിടെയും തീർന്നില്ല... ഫൈനലില്‍ സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന വിസ്മയം ഒരിക്കൽ കൂടി സംഹാര രൂപം പ്രാപിച്ചപ്പോൾ, ടീം ഇന്ത്യ കിരീടവുമായാണ് നാട്ടിലേക്ക് മടങ്ങിയത്. എപ്രിൽ 24ന് നടന്ന കലാശപ്പോരിൽ ഓസീസിനെതിരെ 134 റണ്‍സാണ് 24കാരനായ ലിറ്റിൽ മാസ്റ്റർ അടിച്ചുകൂട്ടിയത്. സച്ചിനെന്ന പ്രതിഭാസത്തെ ക്രിക്കറ്റ് ഫാൻസ് ആരാധനയോടെ നോക്കി നിന്ന ടൂർണമെൻ്റായിരുന്നു 1998ലെ ഷാര്‍ജ കപ്പ്. അർഹതയ്ക്കുള്ള അംഗീകാരമായി പരമ്പരയുടെ താരത്തിനുള്ള അവാർഡും സച്ചിന് ലഭിച്ചു. ആ വര്‍ഷം മുഴുവൻ സച്ചിൻ അസാധ്യ ഫോമിലായിരുന്നു. ക്രിക്കറ്റ് ദൈവത്തിൻ്റെ ഭാരമേറിയ ബാറ്റിൽ നിന്നും റണ്ണൊഴുക്ക് അനസ്യൂതം തുടർന്നപ്പോൾ മൊത്തം 1894 റണ്‍സാണ് ആ വർഷം പിറന്നത്.