ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30ന് തുടക്കമാകാനിരിക്കെ, എട്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ കരുൺ നായർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. നെറ്റിലെ ബാറ്റിങ് പരിശീലനത്തിനിടെ കരുണിന് വയറിന് പരിക്കേറ്റെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ യുവപേസർ പ്രസിദ്ധ് കൃഷ്ണയുടെ ഏറിൽ പന്ത് വാരിയെല്ലിൽ ഇടിക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ കരുണിന് ഉടൻ തന്നെ ടീം ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകി. അതേസമയം, അൽപ്പസമയത്തെ വിശ്രമത്തിന് ശേഷം കരുൺ നായർ നെറ്റിലെ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
വിരാട് കോഹ്ലിയുടെ നാലാം നമ്പറിലേക്ക് ശുഭ്മാൻ ഗിൽ മാറുമ്പോൾ, ഒഴിവ് വരുന്ന മൂന്നാം നമ്പറിൽ കളിക്കാൻ ഏറ്റവും അനുയോജ്യനായ ബാറ്ററാണ് കരുൺ നായർ. കരുണിനെ മൂന്നാം നമ്പറിൽ കളിപ്പിക്കുകയാണെങ്കിൽ ഐപിഎല്ലിലെ ടോപ് സ്കോററായ സായ് സുദർശന് ആദ്യ ഇലവനിൽ അവസരം ലഭിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ച്വറി നേടിയതിന് പിന്നാലെ താരത്തെ ടീമിൽ നിന്ന് പുറത്താക്കിയ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ടീമിലെ വടക്കേ ഇന്ത്യൻ ലോബിയിങ്ങിൻ്റെ ഇരയായി അദ്ദേഹം മാറുകയായിരുന്നു
പിന്നീട് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ആഭ്യന്തര സീസണുകളിൽ ബാറ്റിങ്ങിൽ ഞെട്ടിക്കുന്ന സ്ഥിരതയുമായി മുന്നേറിയ കരുൺ നായർ ഇന്ത്യൻ ടീമിൽ മധ്യനിരയിൽ കളിക്കാൻ താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിച്ചിരുന്നു. രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തെ തോൽപ്പിച്ച വിദർഭയുടെ വിജയശിൽപ്പിയായത് കരുൺ തന്നെയായിരുന്നു.
ഐപിഎല്ലിലും ഡൽഹി ക്യാപിറ്റൽസിനായി തിളങ്ങിയ കരുൺ നായർ മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു. പിന്നാലെയാണ് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലേക്ക് കരുണിന് വിളിയെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ അവിശ്വസനീയമായ ബാറ്റിങ് ആവറേജാണ് താരത്തിനുള്ളത്.