ഡൽഹി: ക്രിക്കറ്റ് ലെജൻഡ് വിരാട് കോഹ്‌ലിയുടെ 37ാം ജന്മദിനമാണ് ഇന്ന്. 82 അന്താരാഷ്ട്ര സെഞ്ച്വറികൾ... 27,000 അന്താരാഷ്ട്ര റൺസ്... ക്രിക്കറ്റ് കരിയറിൻ്റെ അവസാന കാലത്താണെങ്കിലും കോഹ്‌ലി അന്നും ഇന്നും ആരാധകർക്കെല്ലാം പ്രിയപ്പെട്ട 'കിങ് കോഹ്ലി' തന്നെയാണ്. 1988ൽ നവംബർ 11നായിരുന്നു വിരാട് എന്ന പോരാളിയുടെ ജനനം. തിരക്കേറിയ ഡൽഹിയുടെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചുനടന്ന കൊച്ചു പയ്യൻ പിന്നീട് ലോക ക്രിക്കറ്റിൻ്റെ കിങ് കോഹ്‌ലിയായത് ചരിത്രം.
ഏതാനും രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ക്രിക്കറ്റിന് ആഗോള തലത്തിൽ സ്വീകാര്യത നേടി നൽകിയത് വിരാട് കോഹ്‌ലിയാണ്, അദ്ദേഹത്തിൻ്റെ ക്ലാസിക് ബാറ്റിങ് ശൈലിയും ഗ്രൗണ്ടിലെ ദൃഢനിശ്ചയങ്ങളുമാണെന്ന് ക്രിക്കറ്റ് ആസ്വദിക്കുന്നവർ തിരിച്ചറിയും.
വിരാട് കോഹ്‌ലിയുടെ ജീവചരിത്രം ഓരോ ഇന്ത്യക്കാർക്കും മനപാഠമായിരിക്കും. അയാളുടെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ലൈക്കുകൾ വാരിക്കൂട്ടുന്നത് അയാളുടെ ആരാധക ബാഹുല്യം വെളിവാക്കുന്നതാണ്. എന്നാൽ, കോഹ്‌ലി മറ്റു ഇതിഹാസങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതിന് കാരണം പലതാണ്. ഇന്ത്യൻ ക്രിക്കറ്റിൻ്റെ സൈക്കോളജി തിരുത്തിയെഴുതിയ നായകനും ലീഡറുമായിരുന്നു കോഹ്‌ലിയെന്ന് നമുക്ക് മനസിലാക്കാം. സൗരവ് ഗാംഗുലി കൊളുത്തി വച്ച അഗ്രസീവ് ക്യാപ്റ്റൻസി നയം, ആളിക്കത്തിച്ചത് വിരാട് കോഹ്‌ലി നായകനായ ശേഷമായിരുന്നു. കണ്ണിന് കണ്ണ്... പല്ലിന് പല്ല് നയത്തിലേക്ക് ഇന്ത്യൻ താരങ്ങൾ മാറിയത് അതിന് ശേഷമായിരുന്നു.
ധോണിയെന്ന ക്യാപ്റ്റൻ വയസ്സൻ പടയെ പുതുക്കിപ്പണിത ശേഷം.. താരങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തുകയെന്ന പ്രധാന ചുമതല നടപ്പാക്കിയത് വിരാടിൻ്റെ ക്യാപ്റ്റൻസി കാലത്തായിരുന്നു. യോ-യോ ടെസ്റ്റുകൾ ടീം സെലക്ഷൻ മാനദണ്ഡമാക്കുന്നത് കോഹ്‌ലിയെന്ന ക്യാപ്റ്റൻ്റെ കാലം മുതൽക്കായിരുന്നു. ടീമിൽ കളിക്കാനെത്തുന്ന എല്ലാ താരങ്ങളുടെ ബെസ്റ്റ് പെർഫോമൻസ് ആവശ്യപ്പെടുന്ന ക്യാപ്റ്റനായിരുന്നു കോഹ്‌ലി. ഏതാനും ചില പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടുന്ന ടീമായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ, പ്രതിഭാ ധാരാളിത്തമുള്ളൊരു സംഘമായി മാറ്റിയെടുത്തത് കോഹ്‌ലിയുടെ കൂടി കഠിനാധ്വാനത്തിലാണ്.
2014ലെ ഓസ്ട്രേലിയ പര്യടനത്തിൽ തുടങ്ങി 2022ലെ ദക്ഷിണാഫ്രിക്കൻ പര്യടനം വരെ നീണ്ടുനിൽക്കുന്നതാണ് കോഹ്‌ലിയുടെ ക്യാപ്റ്റൻസി കരിയർ. ആകെ 68 മത്സരങ്ങളിൽ വിരാട് ഇന്ത്യയെ നയിച്ചപ്പോൾ, 40 വിജയവും 17 തോൽവികളും 11 സമനിലയും അടക്കം 58.82 ശതമാനം വിജയനിരക്കാണ് സ്വന്തമാക്കിയത്.
ടി20യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച കോഹ്‌ലി ഏകദിനത്തിൽ ഏതാനും വർഷങ്ങൾ കൂടി തുടരാനുള്ള ശ്രമത്തിലാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ 74 റൺസ് താരത്തിൻ്റെ പ്രതിഭയുടെ ഒളി മങ്ങിയിട്ടില്ലെന്നതിൻ്റെ സൂചനയാണ്.
ഇന്ത്യൻ ക്രിക്കറ്റിൻ്റെ ചേസ് മാസ്റ്ററാണ് കോഹ്‌ലി. ധോണിക്ക് കീഴിൽ ഇന്ത്യൻ ടീം ജയിച്ചു തുടങ്ങിയ മത്സരങ്ങളിലെല്ലാം എണ്ണയിട്ടൊരു യന്ത്രം പോലെ കോഹ്‌ലിയുടെ ബാറ്റ് ചലിച്ചിരുന്നു. എതിരാളികളുടെ ഉയർന്ന സ്കോറുകൾ പോലും അനായാസം ചേസ് ചെയ്യാൻ കോഹ്‌ലി ഇന്ത്യയെ പഠിപ്പിച്ചു. റൺ ചേസിങ്ങിൽ ഇന്ത്യൻ ടീമിന് ഒരു സ്ഥിരത നൽകിയ താരം കൂടിയാണ് അദ്ദേഹം.
ക്രിക്കറ്റിനോടുള്ള അടങ്ങാത്ത പാഷൻ്റെ ഉത്തമോദാഹരണമാണ് കോഹ്ലിയുടെ ഓരോ മാച്ചുകളും. വിക്കറ്റെടുക്കുന്ന ബൗളറേക്കാൾ ഫീൽഡിൽ അഗ്രഷൻ അയാളുടെ മുഖത്ത് മിന്നിമായാറുണ്ട്. സച്ചിന് ശേഷം ആരെന്ന ചോദ്യത്തിന് ബാറ്റ് കൊണ്ട് മറുപടി നൽകിയ ക്രിക്കറ്ററാണ് കോഹ്‌ലി.
കളത്തിന് പുറത്ത് സഹജീവികളോട് കറകളഞ്ഞ സ്നേഹപ്രകടനം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. എതിർ ടീമുകളിലെ യുവതാരങ്ങൾ പോലും മത്സര ശേഷം അയാളുമായി സംസാരിക്കാനും ഉപദേശങ്ങൾ സ്വീകരിക്കാനും കാത്തുനിൽക്കുന്നതുമായ നിരവധി ഉദാഹരണങ്ങൾ കാണാം. അയൽരാജ്യമായ പാകിസ്ഥാനിൽ പോലും ഏതൊരു പാക് താരത്തേക്കാളും മഹത്വം അവർ വിരാട് കോഹ്‌ലിക്ക് കൽപ്പിക്കുമ്പോൾ, നമ്മൾ മനസിലാക്കണം അയാൾ വെറുമൊരു ക്രിക്കറ്റർ അല്ലെന്ന്... ഒരുനാൾ ഈ ഗെയിമിലെ കിരീടം വെക്കാത്ത രാജാവായിരുന്ന ലിവിങ് ലെജൻഡ് ആണെന്നും. അതുകൊണ്ട് ഹേറ്റേഴ്സ് പ്ലീസ് സ്റ്റെപ്പ് ബാക്ക്...