2025 ഐസിസി ചാംപ്യന്‍സ് ട്രോഫി മത്സരം Source: ANI
CRICKET

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു; പുതുക്കിയ തീയതികള്‍ യഥാസമയം പ്രഖ്യാപിക്കുമെന്ന് ബിസിസിഐ

ബംഗ്ലാദേശിനെതിരായ ഏകദിന, ട്വന്റി ട്വന്റി പരമ്പരകളാണ് മാറ്റിവെച്ചത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം പുനഃക്രമീകരിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ബംഗ്ലാദേശിനെതിരായ ഏകദിന, ട്വന്റി ട്വന്റി പരമ്പരകളാണ് മാറ്റിവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് ക്രിക്കറ്റ് ബോർഡുകൾ മത്സരം മാറ്റിവയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഓഗസ്റ്റിൽ നടക്കാനിരുന്ന പരമ്പരയാണ് അടുത്ത വർഷം സെപ്റ്റംബറിലേക്ക് മാറ്റിയത്. ഓഗസ്റ്റ് 17 മുതലാണ് മത്സരങ്ങള്‍‌ ആരംഭിക്കേണ്ടിയിരുന്നത്. ഓഗസ്റ്റ് 17, 20, 23 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളും 26, 29, 31 തീയതികളില്‍ മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളുമാണ് തീരുമാനിച്ചിരുന്നത്. പരസ്പര ധാരണ പ്രകാരമാണ് ഇരു ക്രിക്കറ്റ് ബോർഡുകളും പരമ്പരകള്‍ മാറ്റിവെച്ചത്.

ഇന്ത്യ-ഇംഗ്ലണ്ട് നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ റദ്ദാക്കിയേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനു പിന്നാലെയാണ് മത്സരങ്ങള്‍ പുനഃക്രമീകരിച്ചത്. എന്നാല്‍, ഇരു ടീമുകളുടെയും ഷെഡ്യൂളിങ് സൗകര്യം പരിഗണിച്ചാണ് പരമ്പര മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തതെന്നാണ് ബിസിസിഐ പറയുന്നത്. പുതുക്കിയ തീയതികളും മത്സരക്രമവും യഥാസമയം പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നിലവിൽ വ്യാപാരവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ നിലനില്‍ക്കുന്നുണ്ട്. മെയ് 17ന്, ബംഗ്ലാദേശിൽ നിന്നുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഇറക്കുമതി റൂട്ടില്‍ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിൽ ബംഗ്ലാദേശ് ഏർപ്പെടുത്തിയ സമാനമായ നിയന്ത്രണത്തിനുള്ള മറുപടിയായിരുന്നു ഈ നീക്കം.

2025ലെ ഐസിസി ചാംപ്യൻസ് ട്രോഫിയിലാണ് ഇന്ത്യയും ബംഗ്ലാദേശും അവസാനമായി നേർക്കുനേർ എത്തിയത്. മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. 2024ൽ നടന്ന രണ്ട് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ദ്വിരാഷ്ട്ര പരമ്പരയിലാണ് ഇരു ടീമുകളും ഇന്ത്യയിൽ അവസാനമായി ഏറ്റുമുട്ടിയത്. ഇന്ത്യ യഥാക്രമം 2-0 നും 3-0 നും പരമ്പരകൾ നേടി.

SCROLL FOR NEXT